ജീവനക്കാരുടെ അവസരോചിത ഇടപെടല്‍, 44 യാത്രക്കാര്‍ രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്, അഭിനന്ദിച്ച് കെഎസ്ആര്‍ടിസി

ഡ്രൈവര്‍ സജി.എസ്, കണ്ടക്ടര്‍ സുജിത്ത്. എസ് എന്നിവരാണ് 44 യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതെന്നും അവരെ അഭിനന്ദിക്കുന്നതായും കെഎസ്ആര്‍ടിസി അറിയിച്ചു.

തിരുവനന്തപുരം: 44 യാത്രക്കാരുമായി കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചപ്പോള്‍ അവസരോചിതവുമായ ഇടപെടലിലൂടെ യാത്രക്കാരെ രക്ഷപ്പെടുത്തിയ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആര്‍ടിസി.

കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസാണ് തീ പിടിച്ചത്. ബസിന്റെ സൈലന്‍സര്‍ ഭാഗത്ത് നിന്നും അമിതമായ പുകയും കരിഞ്ഞ ഗന്ധവും ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നു.

ഡ്രൈവര്‍ സജി.എസ്, കണ്ടക്ടര്‍ സുജിത്ത്. എസ് എന്നിവരാണ് 44 യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതെന്നും അവരെ അഭിനന്ദിക്കുന്നതായും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസി കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

”സമര്‍ത്ഥവും അവസരോചിതവുമായ ഇടപെടലിലൂടെ 44 യാത്രക്കാരെ വലിയ അപകടത്തില്‍ നിന്നും രക്ഷിച്ച് കെഎസ്ആര്‍ടിസി കരുനാഗപ്പള്ളി യൂണിറ്റിലെ ഡ്രൈവറും കണ്ടക്ടറും. 23-02.24 ല്‍ കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി കരുനാഗപ്പള്ളി ഡിപ്പോയിലെ ഞച777 വെസ്റ്റിബ്യൂള്‍ ബസ് ആണ് സര്‍വീസിനിടയില്‍ കായംകുളം എം എസ് എം കോളേജിന് മുന്‍വശത്തായി തീപിടിച്ച് അപകടമുണ്ടായത്.

ബസ്സിന്റെ സൈലന്‍സര്‍ ഭാഗത്ത് നിന്നും അമിതമായ പുകയും കരിഞ്ഞ ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡൈവര്‍ സജി എസ് വേഗത്തില്‍ തന്നെ തിരക്കുളളതും വീതികുറഞ്ഞതുമായ റോഡില്‍ നിന്നും യാത്രക്കാരെ ഇറക്കുന്നതിനായി സൗകര്യമുള്ള സ്ഥലത്ത് ബസ് ഒതുക്കി നിര്‍ത്തുകയും തീ പടരുന്നത് കണ്ട് ഡ്രൈവര്‍ സജിയും, കണ്ടക്ടര്‍ സുജിത്തും ബസ്സിലെ യാത്രക്കാരായ 44 പേരേയും പെട്ടെന്ന് പുറത്ത് ഇറക്കി യാത്രക്കാര്‍ക്ക് യാതൊരു ആപത്തും വരുത്താതെ രക്ഷപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ അപകടത്തില്‍ നിന്നും സുരക്ഷിതമായി രക്ഷപ്പെടുത്തി മാതൃകയായ പ്രിയ സഹപ്രവര്‍ത്തകരായ ഡ്രൈവര്‍ ശ്രീ സജി .എസ്, കണ്ടക്ടര്‍ ശ്രീ സുജിത്ത്. എസ് എന്നിവര്‍ക്ക് ടീം കെഎസ്ആര്‍ടിസിയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്.”

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തി നശിച്ചത്. ബസിന് കാലപ്പഴക്കമുണ്ടെന്ന് സംശയമുണ്ട്. കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവന്‍ ബസുകളും മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version