കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ പെരുകുന്നു, ആശങ്ക

കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തിരുവനന്തപുരം: കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം അറുപത്തിയാറായിരം പുതിയ രോഗബാധിതരാണ് ചികിത്സ തേടിയത്. കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കേരളത്തിലെ അര്‍ബുദ രോഗികളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും പുതിയ ഭക്ഷണരീതികളും രോഗികളുടെ എണ്ണം കൂടാന്‍ കാരണമാണ്.

സംസ്ഥാനത്തെ മൂന്ന് അപ്പെക്‌സ് ക്യാന്‍സര്‍ സെന്ററുളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലുമായി പ്രതിദിനം നൂറിലധികം ആളുകളാണ് ചികിത്സക്കെത്തുന്നത്. ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി പ്രകാരം പരുഷന്‍മാരില്‍ ശ്വാസകോശ ക്യാന്‍സറും, സ്ത്രീകളില്‍ കൂടുതലും സ്തനാര്‍ബുദവും ഗര്‍ഭാശയഗളാര്‍ബുദവുമാണ് കാണാന്‍ സാധിക്കുന്നത്.

തെക്കന്‍ ജില്ലകളിലെ പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറും സ്ത്രീകളില്‍ തൈറോയിഡ് ക്യാന്‍സറും കൂടുതലായി കണ്ടു വരുന്നു. വടക്കന്‍ ജില്ലകളിലെ ആമാശയ ക്യാന്‍സര്‍ തെക്കന്‍ ജില്ലകളിലേക്കാള്‍ കൂടുതലാണ്. കുട്ടികളില്‍ രോഗം ബാധിക്കുന്നതും ക്രമാധീതമായി ഉയരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മലീനീകരണം കൂടുന്ന പ്രദേശങ്ങളില്‍ കൂട്ടത്തോടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പലപ്പോഴും മൂന്ന് നാലും സ്റ്റേജുകളിലെത്തുമ്പോഴാണ് രോഗ നിര്‍ണയം നടക്കുന്നത്. ആര്‍ദ്രം ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്ത് മുപ്പത് വയസിന് മുകളിലുള്ള ഒന്നരകോടി ആളുകളില്‍ പരിശോധന നടത്തിയതില്‍ 9 ലക്ഷം പേരെയാണ് കാന്‍സര്‍ സ്‌ക്രീനിങ്ങ് റഫര്‍ ചെയതത്.

Exit mobile version