ജാമ്യത്തിലിറങ്ങി മുങ്ങി, പോലീസ് കേസ് അവസാനിപ്പിച്ചെന്നു കരുതി നാട്ടിലെത്തി, 19 വര്‍ഷം കഴിഞ്ഞ് പ്രതിയെ പൊക്കി കേരളാ പോലീസ്

തലപ്പുഴ കൊമ്മയാട് പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യന്‍ (49) ആണ് കണ്ണൂര്‍ ഉളിക്കലില്‍ വെച്ച് തലപ്പുഴ പോലീസിന്റെ വലയിലായത്.

മാനന്തവാടി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനുശേഷം പിടികൂടി പോലീസ്.

തലപ്പുഴ കൊമ്മയാട് പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യന്‍ (49) ആണ് കണ്ണൂര്‍ ഉളിക്കലില്‍ വെച്ച് തലപ്പുഴ പോലീസിന്റെ വലയിലായത്. 2005-ല്‍ പേര്യ 42-ാം മൈലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവം ഇങ്ങനെ…

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ബിജുവിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസില്‍ മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങി.

അവിടെ റബര്‍ പ്ലാന്റേഷനില്‍ കുറേ വര്‍ഷം ജോലി ചെയ്ത ശേഷം ബന്ധുക്കളോടൊപ്പം ജോലി ചെയ്യാനാണ് ഉളിക്കലില്‍ എത്തിയത്. ഒരു ഫാമില്‍ ജോലി ചെയ്തുവരുന്നതിനിടെ പോലീസിന് പ്രതിയെ കുറിച്ച് രഹസ്യവിവരം ലഭിക്കുകയായിരുന്നു.

ALSO READ കേരളജനത എനിക്ക് നല്‍കുന്ന വില മനസ്സിലായി! 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ; സാഹിത്യ അക്കാദമിയ്‌ക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബിജുവിനെതിരെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തലപ്പുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. അരുണ്‍ഷാ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വത്സകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനല്‍, സുരേന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Exit mobile version