ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, മലപ്പുറം സ്വദേശി കണ്ണൂരില്‍ പിടിയില്‍

ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കണ്ണൂര്‍: ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ കണ്ണൂരില്‍ അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

അസം സ്വദേശികള്‍ താമസിക്കുന്നതിന് തൊട്ടടുത്ത ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഫൈസല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു പീഡനശ്രമം. ഫൈസലിന്റെ പെരുമാറ്റത്തില്‍ ഭയന്ന് കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Exit mobile version