ശരിയത്ത് നിയമ ഉത്തരവ് പിന്‍വലിച്ചു; ഇനി സത്യവാങ്മൂലം വേണ്ട; വിസ്സമ്മത പത്രം മതി

തിരുവനന്തപുരം: മുസ്ലീമാണെന്ന് സത്യവാങ്മൂലം നല്‍കിയെങ്കില്‍ മാത്രമേ, ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കൂവെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം ശരിയത്ത് നിയമം പാലിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതിയെന്ന് ചട്ടം ഭേദഗതി ചെയ്തു. മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെയാണ് നീക്കം.

ശരിയത്ത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യേണ്ടവര്‍ 100 രൂപയുടെ മുദ്രപ്പത്രത്തില്‍ താന്‍ മുസ്ലീമാണെന്ന സത്യവാങ്മൂലം തഹസീല്‍ദാര്‍ക്ക് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിവാഹം, ഇഷ്ടദാനം, സ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇത് കൂടിയേ തീരൂ എന്നായിരുന്നു പുതിയ ചട്ടം. 81 വര്‍ഷം പഴക്കമുള്ള മുസ്ലീം വ്യക്തിനിയമത്തിനാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ചട്ടം രൂപീകരിച്ചത്.

വേങ്ങര എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെഎന്‍എ ഖാദറാണ് ഇതിനെതിരെ മുഖ്യമന്ത്രിയെ സമീപിച്ചത്. എല്ലാവരും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയാണ് ഇതോടെ റദ്ദായത്. പകരം ശരിയത്ത് നിയമം പാലിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതിയെന്ന് ചട്ടം ഭേദഗതി ചെയ്തു.

Exit mobile version