ഞങ്ങള്‍ അയ്യപ്പനെ ഇഷ്ടപ്പെടുന്നു, ഇനി 50 വയസ്സിന് ശേഷം മാത്രമേ മല ചവിട്ടുകയുള്ളൂ; പ്ലകാര്‍ഡുമായി ഒമ്പത് വയസ്സുകാരി സന്നിധാനത്ത്

50 വയസ്സിന് ശേഷം മാത്രമേ ഇനി താന്‍ മല ചവിട്ടുകയുള്ളൂ എന്നാണ് ഒമ്പതുകാരി ജനനി സന്നിധാനത്ത് വെച്ച് പ്രഖ്യാപിച്ചത്

പമ്പ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍നിന്നും ഒരു പെണ്‍കുട്ടി. 50 വയസ്സിന് ശേഷം മാത്രമേ ഇനി താന്‍ മല ചവിട്ടുകയുള്ളൂ എന്നാണ് ഒമ്പതുകാരി ജനനി സന്നിധാനത്ത് വെച്ച് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു പ്ലകാര്‍ഡും ജനനിയുടെ കൈയില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ചയാണ് മധുര സ്വദേശിയായ ജനനി പിതാവിനൊപ്പം ശബരിമലയിലെത്തിയത്.

സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാല്‍ മകള്‍ക്ക് പത്ത് വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവള്‍ മല ചവിട്ടുകയുള്ളൂ. ഞങ്ങള്‍ അയ്യപ്പനെ ഇഷ്ടപ്പടുന്നു. മാത്രമല്ല മകള്‍ അമ്പത് വയസ്സിന് മുമ്പ് മല കയറുന്നത് ഇഷ്ടമല്ലെന്നും ജനനിയുടെ പിതാവ് ആര്‍ സതീഷ് കുമാര്‍ വ്യക്തമാക്കി.

ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ, തെലുങ്ക് മാധ്യമപ്രവര്‍ത്തക കവിത എന്നിവര്‍ കനത്ത പ്രതിഷേധമുണ്ടായിട്ടും ഇന്നലെ സന്നിധാനത്തെ നടപ്പന്തല്‍ വരെ എത്തിയിരുന്നു. അതീവ പോലീസ് സുരക്ഷയോടുകൂടി നടപന്തല്‍ വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് യുവതികള്‍ തിരിച്ചിറങ്ങി. ഇവര്‍ക്ക് പിന്നാലെ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയും മല കയറാനെത്തിയിരുന്നെങ്കിലും സുരക്ഷാ പ്രശ്‌നങ്ങല്‍ ഉന്നയിച്ച് പോലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു.

Exit mobile version