കേരളത്തില്‍ വില്‍പ്പന നടത്താന്‍ കൊണ്ടു വന്ന കഞ്ചാവുമായി ഒറീസ സ്വദേശികള്‍ പിടിയില്‍

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവില്‍ വന്‍തോതിലുള്ള ലഹരി വില്പന ലക്ഷ്യം വെച്ച് നാട്ടിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുവാന്‍ വേണ്ടി ഒറീസയില്‍ നിന്നും കൊണ്ടുവന്ന 16 കിലോഗ്രാം കഞ്ചാവുമായി 3 ഒറീസ സ്വദേശികള്‍ അറസ്റ്റില്‍. ഒറീസ്സ നയാഘര്‍ സ്വദേശികളായ ആനന്ദ് കുമാര്‍ സാഹു (36), ബസന്ത് കുമാര്‍ സാഹു (40), കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌കോഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഒറീസ്സയില്‍ നിന്ന് പുലര്‍ച്ചെ കോഴിക്കോട് ട്രെയിന്‍ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ മാങ്കാവ് തടഞ്ഞ് വെച്ച് ചോദിച്ചപ്പോള്‍ ആണ് ബാഗില്‍ കഞ്ചാവാണെന്ന് മനസ്സിലായത്. വിപണിയില്‍ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളില്‍ വില വരുന്ന 16 കിലോഗ്രാം കഞ്ചാവാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവില്‍ വന്‍തോതിലുള്ള ലഹരി വില്പന ലക്ഷ്യം വെച്ച് നാട്ടിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

Exit mobile version