മാതൃത്വത്തിന് അപമാനം! മകളെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്നു, അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം പോക്‌സോ കോടതിയാണ് അമ്മയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 40 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതി മാതൃത്വത്തിന് തന്നെ അപമാനമാണെന്നും യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് അമ്മയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 40 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

കാമുകന്‍ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സഹോദരിയാണ് വിവരം പോലീസിനെ അറിയിച്ചത്. കേസില്‍ കുട്ടിയുടെ അമ്മയെയും കാമുകന്‍ ശിശുപാലനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ശിശുപാലനായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാല്‍ കേസിന്റെ വിചാരണ കാലയളവില്‍ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. കേസിലെ അതിജീവിതയായ ഏഴ് വയസുകാരിയുടെ ബാല്യം അമ്മ കാരണം തകര്‍ന്നെന്ന് പോക്‌സോ കോടതി ചൂണ്ടിക്കാട്ടി.

കുട്ടിയുടെ രക്ഷകര്‍ത്താവും സംരക്ഷകയുമായ അമ്മ കാരണമാണ് കുട്ടിയുടെ ബാല്യം തകര്‍ന്നത്. സന്തോഷമായി കഴിയേണ്ട കുട്ടിയുടെ ജീവിതം പ്രതിയുടെ പ്രവൃത്തി മൂലം നശിച്ചുവെന്നും കോടതി വിലയിരുത്തി.

മാനസിക അസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് കേസിലെ പ്രതിയായ സ്ത്രീ കാമുകനുമൊത്ത് താമസം തുടങ്ങിയത്. ഏഴു വയസ്സുകാരിയായ മകള്‍ അമ്മയക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മൂത്ത കുട്ടി അച്ഛന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. 2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെ ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.

Exit mobile version