ദേശീയ പണിമുടക്ക്; വാഗ്ദാനം പാഴായി, പലയിടത്തും തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു

മഞ്ചേരിയില്‍ ആദ്യം അടച്ച കടകള്‍ പിന്നീട് വീണ്ടും തുറന്നപ്പോള്‍ അടപ്പിക്കാന്‍ സമരാനുകൂലികള്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇപ്പോള്‍ കനത്ത പോലീസ് കാവലിലാണ് കടകള്‍ തുറന്ന് വച്ചിരിക്കുന്നത്.

മഞ്ചേരി/കായംകുളം: ദേശീയപണിമുടക്കിനോട് അനുബന്ധിച്ച് മലപ്പുറം മഞ്ചേരിയിലും കായംകുളത്തും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമം. മഞ്ചേരിയില്‍ ആദ്യം അടച്ച കടകള്‍ പിന്നീട് വീണ്ടും തുറന്നപ്പോള്‍ അടപ്പിക്കാന്‍ സമരാനുകൂലികള്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇപ്പോള്‍ കനത്ത പോലീസ് കാവലിലാണ് കടകള്‍ തുറന്ന് വച്ചിരിക്കുന്നത്.

രാവിലെ ഏഴ് മണിയോടെയാണ് മഞ്ചേരി മാര്‍ക്കറ്റിലെ നാലോ അഞ്ചോ കടകള്‍ തുറന്നത്. ഇതിന് പിന്നാലെ കടകളടക്കണമെന്ന ആവശ്യവുമായി സമരാനുകൂലികള്‍ എത്തി. എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ വ്യാപാരികള്‍ കടകളടക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ രാവിലെ പത്ത് മണിയോടെ വീണ്ടും വ്യാപാരികള്‍ സംഘടിച്ച് കടകള്‍ തുറന്നു.

ഇതോടെ വീണ്ടും പണിമുടക്ക് അനുകൂലികള്‍ സ്ഥലത്തെത്തി കടകള്‍ അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വ്യാപാരികളും സമരക്കാരും പരസ്പരം നേര്‍ക്കു നേര്‍ നിന്ന് മുദ്രാവാക്യം വിളിയായി. സ്ഥിതി സംഘര്‍ഷത്തിലേക്ക് വഴി മാറിയതോടെ പോലീസ് ഒരു മതില്‍ പോലെ നിന്നാണ് ഇരു കൂട്ടരെയും മാറ്റിയത്.

ഇപ്പോള്‍ കനത്ത പോലീസ് കാവലിലാണ് മഞ്ചേരി മാര്‍ക്കറ്റില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നത്. കായംകുളത്തും സമാനമായ രീതിയിലാണ് കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നത്.

Exit mobile version