സ്ത്രീകള്‍ അഗസ്ത്യാര്‍കൂടത്തിലേക്കെത്തുന്നതില്‍ ഗോത്രമഹാസഭക്ക് എതിര്‍പ്പില്ല; ജന്മഭൂമി വാര്‍ത്ത  തെറ്റിധാരണയുണ്ടാക്കുന്നതെന്നും സികെ ജാനു

ജനുവരി പതിനാലിനാണ് ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം മലനിരകളിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുന്നത്

അഗസ്ത്യര്‍കൂടത്തിലേക്ക് സ്ത്രീകളെത്തുന്നതില്‍ ഗോത്രമഹാസഭയ്ക്ക് എതിര്‍പ്പില്ലെന്ന് ഗോത്രമഹാസഭാ നേതാവ് സികെ ജാനു. ജനുവരി പതിനാലിനാണ് ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം മലനിരകളിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സ്ത്രീകള്‍ക്കും മലയില്‍ പ്രവേശിക്കാം. സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്.

ഈ വര്‍ഷം ജനുവരി 14ാം തിയ്യതി മുതല്‍ മാര്‍ച്ച് 10ാം തിയ്യതി വരെയാണ് അഗസ്ത്യാര്‍കൂടം ട്രക്കിംഗ് സീസണ്‍. കോടതി വിധി വന്നിതിന് പിന്നാലെ നിരവധി സ്ത്രീകള്‍ അഗസ്തമല ട്രക്കിങിനുള്ള പ്രവേശനത്തിനായ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേരാണ് ഇതിനോടകം രംഗത്തെത്തിയത്.

ഇതിന്റെ ഭാഗമായി ‘അഗസ്ത്യാര്‍ക്കുടത്തെയും സംഘര്‍ഷഭുമിയാക്കരുത്; ഗോത്രസഭ’ എന്ന തലക്കെട്ടോടെ ബി.ജെ.പി മുഖപത്രമായ ജന്മഭൂമി ഒരു വാര്‍ത്ത നല്‍കിയിരുന്നു. ‘അഗസ്ത്യാര്‍ക്കുടത്തെ സംഘര്‍ഷഭൂമിയാക്കരുതെന്ന ഗോത്രസമൂഹം. ഇന്നലെ മുതല്‍ ആരംഭിച്ച അഗസ്ത്യാര്‍ക്കുട അനുമതിക്കായുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് സ്ത്രീകളും അപേക്ഷിച്ചതോടെ അഗസ്ത്യരുടെ തപോഭൂമിയും കലുഷിതമാകുന്നെന്ന് ഏറെക്കുറെ ഉറപ്പായ് ‘ എന്ന് തുടങ്ങുന്നതായിരുന്നു ആ വാര്‍ത്ത

അതിരുമലവരെ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ഗോത്രസമൂഹത്തിന് എതിര്‍പ്പില്ല. എന്നാല്‍ അഗസ്തരുടെ പര്‍ണ്ണശാല കുടികൊള്ളുന്ന മലമുകളിലേക്ക് സ്ത്രീകളെ കയറ്റാന്‍ അനുവദിക്കില്ലെന്നും.വനവാസി സ്ത്രീകളും ഇവിടേക്ക് പോകാറില്ല,ഗോത്രവര്‍ഗ്ഗം പരമ്പരാഗതമായ് തുടരുന്ന ഈ ആചാരം ലംഘിക്കപ്പെടാതെ തുടരുകയാണ് വനംവകുപ്പും എന്നും ഗോത്രമഹാസഭ പറഞ്ഞതായി ജന്മഭൂമി തങ്ങളുടെ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നത് ആചാരമല്ലെന്നും, അത് ഒരുപറ്റം ആദിവാസികള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥ മാത്രമെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചതാണ് ഇങ്ങനെയൊരു വിധിയുണ്ടാവാന്‍ കാരണമെന്നും ആദിവാസി ഗോത്രമഹാസഭ നേതാക്കള്‍ പറയുന്നെന്നും അഗസ്ത്യാര്‍കൂട പ്രവേശനം ആവശ്യപ്പെട്ട് ചില അവിശ്വാസികളായ സ്ത്രീകള്‍ 2017 ലാണ് കോടതിയെ സമീപിച്ചത് എന്നുമായിരുന്നു ജന്മഭൂമിയുടെ വാര്‍ത്ത

എന്നാല്‍ ഗോത്രമഹാസഭയുടെ പേരില്‍ വന്ന ഈ വാര്‍ത്ത തെറ്റിധരിപ്പിക്കുന്നതാണെന്നും തങ്ങള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നുമാണ് ഗോത്രമഹാ സഭ നേതാവ് സി.കെ ജാനു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അഗസ്ത്യാര്‍ കൂടത്തെ ട്രക്കിങ്ങുമായി ബന്ധപ്പെട്ട് ജന്മഭൂമിയില്‍ വന്ന വാര്‍ത്ത ഗോത്ര മഹാസഭയുടേതല്ല ,അഗസ്ത്യര്‍കുട മലനിരകളിലേക്കുള്ള സ്ത്രീപ്രവേശനത്തെ കുറിച്ച് ഗോത്രമഹാസഭ യാതൊരു അഭിപ്രായവും ഇതുവരെ പറഞ്ഞിട്ടില്ല എന്നുമായിരുന്നു ഇതിനെ കുറിച്ച് ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു പറഞ്ഞത്. ജന്മഭൂമിയില്‍ വന്ന വാര്‍ത്ത ഗോത്ര മഹാസഭയുടേതല്ലെന്നും മനപ്പൂര്‍വ്വം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത നല്‍കിയ ജന്മഭൂമി വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും സി.കെ ജാനു പറഞ്ഞു.

3 വര്‍ഷം മുന്‍പത്തെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് കൂടി ട്രക്കിങ്ങിന് അനുമതി ഉണ്ട്. ശബരിമല വിഷയത്തില്‍ നിലവിലുള്ള സുപ്രീംകോടതി വിധി കൂടി മുന്‍നിര്‍ത്തി നോക്കുമ്പോള്‍ അഗസ്ത്യാര്‍ കൂടത്തെ സ്ത്രീ പ്രവേശനത്തിന്റെ പ്രാധാന്യം കൂടുതല്‍ ശക്തമാണ്. എന്നായിരുന്നു ഇത് സംബന്ധിച്ച് ഗോത്രമഹാ സഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത്.

അഗസ്ത്യാര്‍ കൂടത്തില്‍ കാണിക്കാര്‍ വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ആചാരങ്ങളിലോ അവരുടെ അനുഷ്ഠാനങ്ങളിലോ ഇടപെടാന്‍ ട്രക്കിങ്ങിന് എത്തുന്ന യാത്രക്കാര്‍ക്ക് അനുമതി നല്‍കില്ല. നിലവില്‍ മാധ്യമങ്ങളില്‍ പരാമര്‍ശിപ്പിക്കപ്പെടുന്ന തരത്തില്‍ തീര്‍ത്ഥാടനം അല്ല അഗസ്ത്യാര്‍കൂട യാത്രയുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ ആ വിഷയത്തില്‍ ഗോത്രമഹാസഭയ്ക്ക് എതിരഭിപ്രായങ്ങളോ എതിര്‍പ്പുകളോ ഇല്ലെന്നും ഗോത്രമഹാ സഭ വ്യക്തമാക്കി.

Exit mobile version