ആലപ്പുഴയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു, അന്വേഷണം

സഹറുദീന്റെ കാറാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ കത്തിനശിച്ചത്.

ആലപ്പുഴ: താമരക്കുളത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കായംകുളത്തു നിന്നും അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. താമരക്കുളം ഒന്നാം മൈല്‍ മുകളച്ചത്ത് എംഎസ് ഡെക്കറേഷര്‍ ആന്റ് ഇവന്റ്‌സ് ഉടമയായ സഹറുദീന്റെ കാറാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ കത്തിനശിച്ചത്.

വീട്ടുകാര്‍ 12 മണിയോടെ ഉറങ്ങാന്‍ കിടന്ന സമയത്താണ് കാര്‍ വലിയ ശബ്ദത്തോടെ കത്തിയത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ അയല്‍ക്കാരില്‍ ചിലരും ഓടിയെത്തി. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. അപകടം ഭയന്ന് വാഹനത്തിനടുത്തേക്ക് ആരും പോയില്ല.

തുടര്‍ന്ന് അഗ്‌നിശമന സേന എത്തിയാണ് തീപൂര്‍ണമായും അണച്ചത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും കത്തിയമരുകയും ടയര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഞായറാഴ്ച വാഹനം ഓടിച്ചിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. നൂറനാട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. രാത്രി എങ്ങനെയാണ് കാറ് കത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Exit mobile version