എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ ഉടനെ എഴുതിത്തള്ളും; നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.

തിരുവനന്തപുരം; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതിനായി ഒരു കോടി 50 ലക്ഷത്തിലധികം രൂപ കളക്ടറുടെ ട്രഷറി അക്കൗണ്ടില്‍ നിന്ന് വിവിധ ബാങ്കുകള്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതല സെല്‍ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകളണ് എഴുതിത്തള്ളുന്നത്. കടം എഴുതിതള്ളുന്നതോടെ ദുരിതബാധിതര്‍ക്ക് ബന്ധപ്പെട്ട ബാങ്കുകള്‍ ബാധ്യതാ രഹിത സാക്ഷ്യപത്രം അനുവദിക്കും. ഇതിന് ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി സെല്ല് യോഗത്തെ അറിയിച്ചു.

2017ലെ സ്പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരില്‍ നിന്നും പുനഃപരിശോധനയ്ക്ക് വിധേയമാക്കിയ 1618 പേരില്‍ 76 പേരെകൂടി ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നേരത്തെ 287 പേരെ ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ദേശീയ മനുഷ്യാവാകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

Exit mobile version