ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; ലെ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ച 6 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍

കാക്കനാടുള്ള ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുള്ളത്.

കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറുപേര്‍ക്ക് കൂടി ആരോഗ്യപ്രശ്‌നങ്ങള്‍. കാക്കനാടുള്ള ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുള്ളത്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഷവര്‍മ, അല്‍ഫാം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഉള്ളത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇവരില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കാക്കനാടുള്ള ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് രാഹുല്‍ ഓണ്‍ലൈനായി ഷവര്‍മ്മ ഓര്‍ഡര്‍ ചെയ്ത കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ചികിത്സയിലിരിക്കെ രാഹുല്‍ മരണപ്പെട്ടു.

രാഹുലിനെ ശനിയാഴ്ച ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഹൃദഘാതം ഉണ്ടായെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു രാഹുല്‍. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രാഹുലിനെ ചികിത്സിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായരെന്ന 24 കാരന്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുല്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവര്‍മ പാഴ്‌സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലില്‍ നിന്നാണ് ഷവര്‍മ പാഴ്‌സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.

Exit mobile version