കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി അപകടം; ബൈക്ക് യാത്രക്കാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

തൃശൂര്‍: കെഎസ്ഇബിയുടെ സര്‍വ്വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വരവൂര്‍ സ്വദേശി രമേഷിനാണ് ഗുരുതര പരിക്കേറ്റത്. രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പതിനേഴാം തീയതി ാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍ വെച്ച് അപകടം ഉണ്ടായത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. രമേഷ് അപകട നില തരണം ചെയ്തതായി ഡോക്ടേഴ്‌സ് അറിയിച്ചു.

വിവാഹ ആവശ്യത്തിനായി സാധനങ്ങള്‍ വാങ്ങാനാണ് രമേഷും സഹോദരന്‍ രാഗേഷും ബൈക്കില്‍ പോയത്. രമേഷ് തന്നെയായിരുന്നു ബൈക്ക് ഓടിച്ചു കൊണ്ടിരുന്നത്. കെഎസ്ഇബിയുടെ ഇലക്ട്രിക്കല്‍ പോസ്റ്റില്‍ നിന്ന് അടുത്തുള്ള വീട്ടിലേക്ക് കണക്ഷന്‍ വലിക്കുന്നതിനുള്ള കേബിളിന്റെ കമ്പിയാണ് പൊട്ടി വീണു കിടന്നിരുന്നത്. രമേഷിന്റെ കഴുത്തില്‍ ഈ കമ്പി കുരുങ്ങുകയായിരുന്നു. ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.

Exit mobile version