പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍

18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്

തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചു. 18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. മന്ത്രി എംബി രാജേഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹത്തില്‍ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

സംസ്ഥാനത്ത് പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം 18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കി വര്‍ധിപ്പിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. സമൂഹത്തില്‍ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്‌സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്ത് പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ശമ്പളം വര്‍ദ്ധിപ്പിച്ചുനല്‍കാന്‍ തീരുമാനിച്ചത്. കിടപ്പ് രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷയും പരിചരണവും ഉറപ്പാക്കാന്‍ നടപടി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് നല്‍കാവുന്ന വേതനമായാണ് പാലിയേറ്റീവ് നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനത്തിന് പ്രാബല്യമുണ്ട്. പാലിയേറ്റീവ് നഴ്‌സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എന്‍/എഎന്‍എം പാസായവര്‍ക്കാകും ഈ വേതനം ലഭിക്കുക. നഴ്‌സുമാരുടെ ഫീല്‍ഡ് സര്‍വീസ് 20 ദിവസമെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കും. പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നവരുടേതിന് തുല്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലാണ് കേരളാ പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷന്‍ (സിഐടിയു) നല്‍കിയ നിവേദനം പരിഗണിച്ച് തീരുമാനമെടുത്തത്.

വികസനവും കരുതലുമായി സര്‍ക്കാര്‍ മുന്നോട്ട്

Exit mobile version