വാഹനമിടിച്ച് റോഡില്‍ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തെന്ന് പരാതി

. സംഭവത്തില്‍ ബസ് ഉടമയുള്‍പ്പെടെയുള്ള ജീവനക്കാര്‍ ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തെന്ന് പരാതി. വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചത് മറ്റൊരു വാഹനമാണെന്നും റോഡില്‍ കിടന്ന സ്ത്രീയ ആശുപത്രിയിലെത്തിച്ച തങ്ങളെ അന്യായമായി കേസില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് ബസ് ജീവനക്കാരുടെ പരാതി. സംഭവത്തില്‍ ബസ് ഉടമയുള്‍പ്പെടെയുള്ള ജീവനക്കാര്‍ ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി സെല്ലൈ ദുരച്ചി സെപ്റ്റംബര്‍ 2ന് മരിച്ചിരുന്നു. കറ്റോട് എന്ന സ്ഥലത്ത് വെച്ചാണ് സ്ത്രീക്ക് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. സംഭവത്തില്‍ തിരുവല്ല-കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

എന്നാല്‍ ബസ് ഇടിച്ചല്ല സ്ത്രീ മരിച്ചതെന്നും മറ്റൊരു വാഹനമാണ് ഇടിച്ചതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. സിസിടിവി ഇല്ലാത്ത പ്രദേശത്താണ് അപകടം നടന്നത്. ദൃക്‌സാക്ഷികളോട് പോലും അന്വേഷിക്കാതെയാണ് പോലീസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തതെന്നാണ് ബസ് ഉടമ പറയുന്നത്.

എന്നാല്‍ ബസ് തട്ടിയാണ് സ്ത്രീ റോഡില്‍ വീണതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്നാണ് തിരുവല്ല പോലീസ് പറയുന്നത്. കേസ് എടുത്തതില്‍ പിഴവ് പറ്റിയിട്ടില്ലെന്നും പോലീസ് പറയുന്നു.

Exit mobile version