കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം, പൊതുപരിപാടികള്‍ നിര്‍ത്തി, വിവാഹം, റിസപ്ഷന്‍, ഉത്സവം, കായിക മത്സരം എന്നിവയ്ക്കും നിയന്ത്രണം

ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികള്‍ കഴിയുന്നത്രയും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത പത്തു ദിവസത്തേക്ക് എല്ലാ പൊതുപരിപാടികളും നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനൊപ്പം തന്നെ വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, കലാസാംസ്‌കാരിക കായിക മത്സരങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്.

ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങി പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണം. ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികള്‍ കഴിയുന്നത്രയും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തണമെന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ ഒത്തു ചേരുന്ന നാടകം ഉള്‍പ്പെടെ കലാസാംസ്‌കാരിക കായിക മത്സരങ്ങള്‍ മാറ്റി വെക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂര്‍, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 7 പഞ്ചായത്തുകള്‍ക്ക് പുറമയാണിത്.

അതിനിടെ വയനാട് മാനന്തവാടി പഴശ്ശി പാര്‍ക്കിലക്കുളള പ്രവേശനം നിര്‍ത്തിവച്ചു. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശമായതിനാലാണ് മാനന്തവാടി പഴശ്ശി പാര്‍ക്കിലക്കുളള പ്രവേശനം നിര്‍ത്തിവച്ചത്.

Exit mobile version