കോഴിക്കോട് കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച സംഭവം, നടക്കാവ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍, 4 പേര്‍ക്കെതിരെ കേസ്

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട്: കാര്‍ യാത്രക്കാരിയെയും കുടുംബത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നടക്കാവ് എസ്‌ഐ വിനോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാര്‍ യാത്രിക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട് നടക്കാവ് എസ്‌ഐക്കും കണ്ടാലറിയാവുന്ന നാല് പേര്‍ക്കുമെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവതിയെ മര്‍ദ്ദിക്കാന്‍ കാരണമായത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് കൊളത്തൂര്‍ ചീക്കിലോടില്‍ ഇന്നലെയായിരുന്നു സംഭവം. 3 യുവതികളും 4 കുട്ടികളുമുള്‍പെടെയുളള സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്. യുവതിയും കുടുംബവും ബന്ധുവീട്ടില്‍നിന്ന് കാറില്‍ മടങ്ങുന്നതിനിടെ എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുള്ളവരുമായി സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നവരാണ് എസ്.ഐ. വിനോദ്കുമാറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് ബൈക്കില്‍ സഹോദരനൊപ്പം സ്ഥലത്തെത്തിയ വിനോദ്കുമാര്‍ യുവതിയെയും കുടുംബാംഗങ്ങളെയും കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിച്ചെന്നാണ് പരാതി. മദ്യലഹരിയില്‍ സ്ഥലത്തെത്തിയ എസ്.ഐ. യുവതിയെ ചവിട്ടിയെന്നും കൈയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചെന്നുമാണ് ആരോപണമുണ്ട്.

Exit mobile version