‘പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി, പിഴ ഈടാക്കും’ ; മുന്നറിയിപ്പുമായി മന്ത്രി എം.ബി രാജേഷ്

മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍ ശക്തമാക്കും

പാലക്കാട്: പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍ ശക്തമാക്കും. ഇതിനായി പോലീസിന്റെ സഹായം ഉറപ്പാക്കും.

മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടി പിഴ ഈടാക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും മാലിന്യം വലിച്ചെറിയല്‍ തടയുന്നതിനായി വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ, പാതയോരങ്ങളില്‍ ബോട്ടില്‍ ബൂത്തിന് പുറമെ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ”പൊതുസ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയോ സ്പോണ്‍സര്‍ഷിപ്പ് വഴിയോ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. വ്യാപാര സ്ഥാപനങ്ങളിലും ഇവ കര്‍ശനമാക്കണം. വലിയതോതില്‍ മാലിന്യം തള്ളുന്ന കല്യാണമണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കാറ്ററിംഗ് സെന്ററുകളില്‍ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പൂര്‍ണമായ മാലിന്യസംസ്‌കരണ സംവിധാനം ഇവിടങ്ങളില്‍ ഉറപ്പാക്കുന്നത് പരിശോധന വിധേയമാക്കണം.

ഓഡിറ്റോറിയങ്ങളുടെ സീറ്റിന്റെ എണ്ണം അടിസ്ഥാനമാക്കി മതിയായ എണ്ണം മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. കാറ്ററിങ് സ്ഥാപന ഉടമകളുടെ യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കണം. ചെറിയ കുടിവെള്ളക്കുപ്പികള്‍, പേപ്പര്‍ ഗ്ലാസുകള്‍, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.” നിരന്തര പരിശോധനയും കര്‍ശന നടപടിയും സ്വീകരിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് ആവശ്യപ്പെട്ടു.

Exit mobile version