ഹോട്ടലില്‍ മുറി എടുത്ത ശേഷം പണം നല്‍കാതെ മുങ്ങി, യുവാവിനെതിരെ പരാതി, കേസ്

കോവളം നീലകണ്ഠ ഹോട്ടല്‍ ആണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: ഹോട്ടലില്‍ മുറി എടുത്ത ശേഷം യുവാവ് പണം നല്‍കാതെ മുങ്ങിയതായി പരാതി. കോവളം നീലകണ്ഠ ഹോട്ടല്‍ ആണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 26ന് പുലര്‍ച്ചെ നാല് മണിക്കാണ് ശാസ്തമംഗലം പൈപ്പിന്‍മൂട് സ്വദേശി സാജന്‍ എന്ന വ്യക്തി ഹോട്ടലില്‍ മുറി ബുക്ക് ചെയ്യുന്നത്. 2 ദിവസത്തേക്കായി 12,000 രൂപ പറഞ്ഞുറപ്പിച്ച ശേഷമാണ് യുവാവ് റൂം എടുത്തത്.

1000 രൂപ ഇയാള്‍ അഡ്വാന്‍സ് ആയി നല്‍കി എന്നും ബാക്കി തുകയായ 11000 രാവിലെ നല്‍കാം എന്നും അറിയിക്കുകയായിരുന്നു. യുവാവ് തനിച്ചാണ് ഉണ്ടായത്. രാവിലെ 11 മണിയോടെ മുറിയില്‍ നിന്ന് പുറത്ത് വന്ന ഇയാളോട് ഹോട്ടല്‍ ജീവനക്കാര്‍ ബാക്കി തുക ചോദിച്ചപ്പോള്‍ ഒരു ദിവസം കൂടി അധികം താമസിക്കുന്നുണ്ടെന്നും എടി എമ്മില്‍ പോയി ബാക്കി തുക എടുത്ത് തരാം എന്നും അറിയിച്ചു.


പക്ഷേ പുറത്തേക്ക് പോയ യുവാവ് തിരികെ വന്നില്ല. രാത്രി ഏറെ വൈകിയും ഇയാള്‍ തിരികെ എത്താതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ആദ്യം ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയി എന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

സംശയം തോന്നിയ ജീവനക്കാര്‍ യുവാവ് താമസിച്ചിരുന്ന മുറി തുറന്നു നോകിയതോടെയാണ് ഇയാള്‍ തങ്ങളെ കബളിപ്പിച്ച് സാധനങ്ങളുമായി കടന്നത് ആണെന്ന് മനസിലായത്. ഇതോടെ ഹോട്ടല്‍ മാനേജര്‍ സിസിടി വി ദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version