വാഗ്ദാനം ചെയ്തത്ര സമൂസ ഉണ്ടാക്കാന്‍ സാധിച്ചില്ല, യുവാവിന്റെ പരാതിയില്‍ കമ്പനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

നിറമരുതൂര്‍ സ്വദേശി അബ്ദുള്‍ സലീം നല്‍കിയ പരാതിയിലാണ് കോടതി വിധി.

മലപ്പുറം: നിലവാരമില്ലാത്ത സമൂസ മേക്കര്‍ നല്‍കി കബളിപ്പിച്ചെന്ന കേസില്‍ യുവാവിന് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്. മെഷിന്റെ വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. നിറമരുതൂര്‍ സ്വദേശി അബ്ദുള്‍ സലീം നല്‍കിയ പരാതിയിലാണ് കോടതി വിധി.

സംഭവം ഇങ്ങനെ…. പ്രവാസിയായ അബ്ദുള്‍ സലീം പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയനുസരിച്ചാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി ബേക്കറി തുടങ്ങാന്‍ തീരുമാനിച്ചത്. ആവശ്യമായ 2,05,320 രൂപയുടെ ധനസഹായം ബാങ്ക് നല്‍കുകയും ചെയ്തു. ആ പണം ഉപയോഗിച്ച് മണിക്കൂറില്‍ 2000ത്തില്‍ പരം സമൂസ വൈവിധ്യമാര്‍ന്ന തരത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ഉറപ്പില്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് മെഷീന്‍ വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു.

സംസ്ഥാനത്ത് 5000ത്തില്‍പരം മെഷീനുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് ആ കമ്പനി അബ്ദു സലീമിനെ വിശ്വസിപ്പിച്ചത്. പണം നല്‍കിയാല്‍ മൂന്നാം ദിവസം മെഷിന്‍ വിതരണം ചെയ്യാമെന്നും കമ്പനി ഉറപ്പ് നല്‍കി. എന്നാല്‍ 2019 ഏപ്രില്‍ നാലിന് പണം നല്‍കിയിട്ടും ഒക്ടോബര്‍ 12നാണ് മെഷീന്‍ നല്‍കിയത്. 14 ദിവസത്തെ പരിശീലനം ഉറപ്പു നല്‍കിയെങ്കിലും ഫോണ്‍ വഴിയായിരുന്നു അബ്ദുള്‍ സലീമിന് പരിശീലനം കിട്ടിയത്.

എന്നാല്‍ കമ്പനി വാഗ്ദാനം ചെയ്ത 2000 സമൂസകള്‍ക്ക് പകരം 300 സമൂസകള്‍ മാത്രമാണ് മെഷീന്‍ വഴി ഉണ്ടാക്കാന്‍ സാധിച്ചത്. ഇതോടെയാണ് അബ്ദുള്‍ സലീം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. എതിര്‍ കക്ഷികളുടെ നടപടി അനുചിത വ്യാപാരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മെഷീനിന്റെ വിലയായി 2,03,700 രൂപയും നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും കമ്പനി പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്തപക്ഷം 12 ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃകമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

Exit mobile version