വാറണ്ട് നടപ്പാക്കാന്‍ പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം കണ്ടത് ദയനീയ കാഴ്ച, ഓണ സമ്മാനവും പുതുജീവിതവും സമ്മാനിച്ച് എക്‌സൈസ് മടങ്ങി

നിരാലംബ കുടുംബത്തിന് എക്സൈസിന്റെ ഓണ സമ്മാനം

വാമനപുരം: വാറണ്ട് നടപ്പാക്കാന്‍ പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം കണ്ടത് ദയനീയമായ കാഴ്ച. കേസ് രേഖകള്‍ പ്രകാരം, പെരിങ്ങമ്മല വില്ലേജില്‍ ഇലവുപാലം ഗേറ്റ്മുക്കിലെ ബിജുവിനെ തേടിയാണ് എക്‌സൈസ് സംഘം വാറണ്ടുമായി വീട്ടിലെത്തിയത്. വാമനപുരം റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു ബിജു. വാറണ്ടുമായി എത്തിയ എക്‌സൈസ് സംഘത്തിന് മുന്നിലേക്ക് വന്ന കാഴ്ചകള്‍ ഇവയൊക്കെയായിരുന്നു.

സംഭവം ഇങ്ങനെ….

2018ല്‍ ബിജു ഒരു അപകടത്തില്‍പെട്ടു. തടി കയറ്റുന്നതിനിടയില്‍ ലോറിയില്‍ നിന്ന് വീണ് ബിജുവിന് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ബിജുവിന് സംസാര ശേഷിയും ഓര്‍മശക്തിയും നഷ്ടപ്പെട്ടു. പരസഹായത്തോടെ മാത്രം നടക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ബിജു് ചികിത്സ തുടരുകയാണ്. ബിജുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയ്ക്കും നടുവിന് പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.


അതില്‍ അസുഖ ബാധിതയായ മകള്‍ പഠനം ഉപേക്ഷിച്ചു നില്‍ക്കുന്നു. മകന്‍ പ്ലസ് വണ്ണിന് പഠിക്കുന്നു. സഹായിക്കാന്‍ എടുത്തുപറയാന്‍ ബന്ധുക്കളും ആരും തന്നെ ബിജുവിനില്ല. കുടുംബം അടുത്തുള്ള വീട്ടുകാരുടെ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

വാറണ്ട് നടപ്പിലാക്കാന്‍ എത്തി ഉദ്യോഗസ്ഥയക്കര്‍ തന്നെ ബിജുവിന്റെ ജീവിതം കണ്ട് വിഷമം തോന്നി. തുടര്‍ന്ന് പ്രിവന്റീവ് ഓഫീസറായ ബിജുലാലും സംഘവും ഓഫീസില്‍ വിവരം അറിയിച്ചു. പിന്നീട് ബിജുവിനെ സഹായിക്കണമെന്ന തീരുമാനത്തിലെത്തിയ വാമനപുരം റേഞ്ച് ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് ഒരു മാസത്തേക്ക് ആവശ്യമായ വീട്ടുസാധനങ്ങളും പച്ചക്കറിയും ബിജുവിന്റെ വീട്ടില്‍ എത്തിച്ചുകൊടുത്തു. മകന് പഠിക്കാന്‍ നോട്ട് ബുക്കുകളും അവര്‍ അവിടെ എത്തിച്ചു.

പിന്നീട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കുമാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് പാലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇക്മാ മലയാളി അസോസിയേഷന്‍ ധനസഹായം നല്‍കി. വസ്ത്രങ്ങളും മറ്റുമായി വാര്‍ഡ് മമ്പര്‍ ഗീത പ്രജി എത്തി. വരും മാസങ്ങളിലും കുടുംബത്തിന് വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കാമെന്ന് വാര്‍ഡ് മെമ്പറുടെയും ഇലവുപാലത്തുള്ള പൗരസമിതിക്കാരുടെയും ഉറപ്പും കിട്ടി. അങ്ങനെ ഒരു വാറണ്ട് നടപ്പാക്കാതെ ജീവനക്കാര്‍ മടങ്ങി.

Exit mobile version