‘ചില മാഷന്‍മാര്‍ പിടി പിരീഡില്‍ വന്ന് ക്ലാസെടുക്കാന്‍ ശ്രമിക്കുന്നു, അതിവിടെ നടക്കൂല്ല’! പൊളിച്ചടുക്കി വിദ്യാര്‍ത്ഥിനിയുടെ പ്രസംഗം! വൈറലായി വീഡിയോ

കണ്ണംകോട് ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീനന്ദ സിസിയാണ് ഈ പെണ്‍കുട്ടിയെന്നാണ് വീഡിയോ പങ്കുവച്ച ഗ്രൂപ്പുകള്‍ പറയുന്നത്.

കണ്ണംകോട്: സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ഒരു പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണംകോട് ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീനന്ദ സിസിയാണ് ഈ പെണ്‍കുട്ടിയെന്നാണ് വീഡിയോ പങ്കുവച്ച ഗ്രൂപ്പുകള്‍ പറയുന്നത്.

കുട്ടിയുടെ പ്രസംഗം ഇങ്ങനെ…

‘ഞാന്‍ ഏഴാം ക്ലാസിലെ പെണ്‍കുട്ടിയാണ്. ഞാന്‍ ഇവിടെ സ്‌കൂള്‍ ലീഡറായി വന്നാല്‍ അച്ചടക്കം പാലിച്ച് സ്‌കൂളിനെ നല്ല രീതിയില്‍ നയിക്കുമെന്ന് ഞാന്‍ പറയുന്നു. സ്‌കൂളിനെ വൃത്തിയായും അച്ചടക്കത്തോടെയും നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മറ്റൊരു കാര്യം പറയാനുള്ളത്, ചില മാഷന്‍മാര്‍ പിടി പിരീഡില്‍ വന്ന് ക്ലാസെടുക്കാന്‍ ശ്രമിക്കാറുണ്ട്.

അത് പൂര്‍ണമായും തെറ്റാണ് അതിവിടെ നടക്കൂല്ല. നമ്മുടെ പിടി പിരീഡില്‍ കളിക്കാനുള്ള ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ എന്നിവ വാങ്ങിത്തരണം. അത് സ്‌കൂളിന്റെ ഉത്തരവാദിത്തമാണ്. ബുധനാഴ്ച അധ്യാപകരും യൂണിഫോം ഇടണം. ചിലര്‍ പച്ച ചുരിദാര്‍, പച്ച ചെരുപ്പ് എല്ലാം ധരിച്ച് വരുന്നു. ചില മാഷന്‍മാര്‍ ബ്രാന്‍ഡഡ് ഷൂ ബ്രാന്‍ഡഡ് ഡ്രസ് എന്നിവ ധരിച്ചു വരുന്നു ഇത് വിദ്യാര്‍ത്ഥികളെ മാനസികമായി വേദനിപ്പിക്കുന്നുണ്ട്. കാരണം ഞങ്ങള്‍ക്കും ആ അവസരം കിട്ടേണ്ടതാണ്.

ഇതെല്ലാം ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്ത് തരുമെന്ന് ഉറപ്പു തരുന്നു’- എന്നുമായിരുന്നു പെണ്‍കുട്ടിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. അതേസമയം, കുട്ടിയുടെ ഓരോ വാഗ്ദാനങ്ങള്‍ക്കും വന്‍ കയ്യടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.

Exit mobile version