കെഎസ്ഇബി കുലച്ച വാഴകള്‍ വെട്ടിയ സംഭവം; കര്‍ഷകന് 3.5 ലക്ഷം നഷ്ടപരിഹാരം നല്‍കും

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കൃഷി മന്ത്രി പി പ്രസാദും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കോതമംഗലം: വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കര്‍ഷകന്റെ നാനൂറിലധികം ഏത്തവാഴ വെട്ടിനിരത്തിയ സംഭവത്തില്‍, നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെഎസ്ഇബി. നശിപ്പിച്ച 406 വാഴകള്‍ക്ക് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കൃഷി മന്ത്രി പി പ്രസാദും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്ടപരിഹാരം കൈമാറുക.

അതേസമയം, നഷ്ടപരിഹാരം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് കര്‍ഷകനായ തോമസ് പറഞ്ഞു. ഇതിനായി മുന്‍കൈയെടുത്ത മന്ത്രിമാര്‍ക്കും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും കാവുംപുറം തോമസ് പ്രതികരിച്ചു.

കോതമംഗലം വാരപ്പെട്ടിയിലാണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ചത്. ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കുലച്ച വാഴകള്‍ വെട്ടിയത്.

തോമസ്സിന്റെയും മകന്‍ അനീഷിന്റെയും പത്ത് മാസക്കാലത്തെ അദ്ധ്വാനമാണ് നിര്‍ദാക്ഷിണ്യം കെഎസ്ഇബി വെട്ടിനശിപ്പിച്ചത്. കൃഷിയിറക്കിയ ഒരേക്കറില്‍ അര ഏക്കറോളം സ്ഥലത്തെ വാഴകളും നശിപ്പിക്കപ്പെട്ടു. ഓണവിപണി മുന്നില്‍ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നല്‍കാതെയാണ് കെഎസ്ഇബി വെട്ടിനശിപ്പിച്ചത്.

Exit mobile version