ജിഷ്ണു പ്രണോയി കേസിലെ സാക്ഷികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ച നടപടി; പുന:പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജയം

2017 ജനുവരി ആറിനാണ് ജിഷ്ണു പ്രണോയിയെ പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് മന:പ്പൂര്‍വ്വം തോല്‍പ്പിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പുന:പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജയം. എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിലെ സാക്ഷികളായ വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വം പരീക്ഷയില്‍ തോല്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് അതുല്‍ ജോസ്, മുഹമ്മദ് ആഷിക് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല നേരിട്ട് പ്രായോഗിക പരീക്ഷ നടത്തിയിരുന്നു. ഇതിലാണ് വിദ്യാര്‍ത്ഥികള്‍ പാസായത്. ഡിസംബര്‍ 31 നും ജനുവരി ഒന്നിനും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയപ്പോഴാണ്  പാസായത്.

2017 ജനുവരി ആറിനാണ് ജിഷ്ണു പ്രണോയിയെ പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കോളേജില്‍ ഇടിമുറി കണ്ടെത്തിയിരുന്നു. കോളേജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. ഇതുമൂലം കോളേജ് അടച്ചിട്ടിരുന്നു.

Exit mobile version