തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ഫാമിലെ 150 പന്നികളെ കൊന്നൊടുക്കി സംസ്‌കരിച്ചു

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് 30 അംഗ സംഘമാണ് പന്നികളെ കൊന്ന് സംസ്‌കരിച്ചത്.

തൃശൂര്‍: ചാലക്കുടിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 150ഓളം പന്നികളെ കൊന്നൊടുക്കി സംസ്‌ക്കരിച്ചു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോടുള്ള പന്നി ഫാമിലാണ് പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് 30 അംഗ സംഘമാണ് പന്നികളെ കൊന്ന് സംസ്‌കരിച്ചത്.

എം.എന്‍ ജോസിന്റെ ഉടമസ്ഥയിലുള്ളതാണ് പന്നിഫാം. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 105 പന്നികള്‍ പല തവണകളിലായി ചത്തൊടുങ്ങിയിരുന്നു. ആദ്യം സാധാരണ പനിയാണെന്ന് കരുതി ഫാമിലെ മറ്റു പന്നികള്‍ക്ക് വാക്സിനേഷന്‍ നല്കി. എന്നാല്‍ രണ്ടാഴ്ച മുമ്പ് 35 പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് ആഫ്രിക്കന്‍ പന്നിപ്പനിയാണോയെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് ഫാമുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. ഈ ഫാമിന് പത്ത് കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ മേഖലയില്‍ നിന്നും പന്നികളേയും പന്നിമാംസവും വിതരണം ചെയ്യുന്നതും കടകളില്‍ പന്നിമാംസം വില്‍പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

Exit mobile version