ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണമെന്നും, വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏഴ് ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിനുള്ളിലെയും പുറത്തുള്ളതുമായ വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകുമെന്നും ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും മന്ത്രി പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണമെന്നും, വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന് പുറത്തുള്ള പഴയ കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക്, ചിരട്ട, വീട്ടിനകത്തെ ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ വളരെ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.

കൂടാതെ, കുട്ടികള്‍ക്ക് ജലദോഷവും പനിയും വന്നാല്‍ സ്‌കൂളുകളില്‍ അയയ്ക്കരുതെന്നും മന്ത്രി നിര്‍ദോശിച്ചു. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. ക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ പനി ബാധിച്ച് എത്താതിരുന്നാല്‍ സ്‌കൂള്‍ അധികൃതര്‍ അക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതാണ്. സ്‌കൂളിലും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version