ഹര്‍ത്താലിനെതിരെ രണ്ടും കല്‍പ്പിച്ച് വ്യാപാരികള്‍; വ്യാപക അക്രമം അഴിച്ചുവിട്ടവരെ പൂട്ടാന്‍ തന്നെ തീരുമാനം, കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കും

സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലാകാറാണ് പതിവ്.

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം അഴിച്ചു വിട്ടവര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് വ്യാപാരികള്‍. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. അക്രമത്തില്‍ വ്യാപാരികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് വ്യാപാരികള്‍. അക്രമികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് നഷ്ടപരിഹാരതുക ഈടാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 8, 9 തീയ്യതികളിലെ പൊതുപണിമുടക്ക് ദിവസം കടകള്‍ തുറക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ വ്യാപാരികള്‍ക്ക് 10 കോടിയുടെ സാമ്പത്തിക നഷ്ടവും 100 കോടിയുടെ വ്യാപാര നഷ്ടവും സംഭവിച്ചുവെന്ന് ഏകോപന സമിതി പറയുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കുന്നത്. അക്രമം നടത്തിയവര്‍ക്കെതിരെ കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കും. ഇതിന് മുമ്പ് സര്‍ക്കാര്‍ തലത്തിലുള്ള സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. 8,9 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിനോട് ആഭിമുഖ്യമുണ്ട്. ന്യായവുമാണ്.

സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലാകാറാണ് പതിവ്. കേരളത്തിന്റെ പ്രത്യേക സഹചര്യത്തില്‍ പണിമുടക്ക് ഒരുദിവസമായി ചുരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അതേസമയം അന്നേ ദിവസം കടകള്‍ സാധാരണപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി. സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2019 ല്‍ ഹര്‍ത്താലുകളോട് സഹകരിക്കേണ്ടന്നത് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ ഏകകണ്ഠമായ തീരുമാനമാണ്. എന്നാല്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

Exit mobile version