ശബരിമലയിലെ നട അടച്ച് ശുദ്ധിക്രിയ; ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയേക്കും

നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോര്‍ട്ടാകും ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന് സമര്‍പ്പിക്കുക. തന്ത്രിയോട് വിശദീകരണം തേടുന്നതില്‍ ബോര്‍ഡില്‍ അഭിപ്രായ ഭിന്നതയുണ്ട്.

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ, ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടിയേക്കും. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോര്‍ട്ടാകും ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന് സമര്‍പ്പിക്കുക. തന്ത്രിയോട് വിശദീകരണം തേടുന്നതില്‍ ബോര്‍ഡില്‍ അഭിപ്രായ ഭിന്നതയുണ്ട്.

ദര്‍ശനത്തിന് പിന്നാലെ നട അടച്ച തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും നടത്തിയത്. ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ നയം. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിക്കാണ് ദേവസ്വം മാന്വല്‍ പ്രകാരം അധികാരം. എന്നാല്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചുള്ള പരിഹാരക്രിയകകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് മാന്വല്‍ പറയുന്നത്.

കഴിഞ്ഞ ദിവസം യുവതി ദര്‍ശനത്തിന് പിന്നാലെ നട അടച്ചുള്ള പരിഹാരക്രിയ നടത്തുകയാണെന്ന് തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന് ഫോണിലൂടെ അറിയിച്ചിരുന്നു. സാങ്കേതികമായി ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. തന്ത്രിയോട് വിശദീകരണം തേടണമെന്നാണ് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെയും ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കര്‍ദാസിനറെയും പാറവിള വിജയകുമാറിന്റെയും നിലപാട്.

പക്ഷെ വിശദമായ ചര്‍ച്ചക്ക് ശേഷം മതി എന്ന നിലപാടിലാണ് പ്രസിഡണ്ട് എ പത്മകുമാര്‍. സര്‍ക്കാര്‍ കടുത്ത നിലപാടെടുക്കുകയും സുപ്രീംകോടതിയില്‍ തന്ത്രിക്കെതരെ കോടതിയലക്ഷ്യത്തിന് പരാതി എത്തുകയും ചെയ്ത സാഹചര്യത്തില്‍ ബോര്‍ഡിന്റെ നടപടി പ്രധാനമാണ്. അതേ സമയം തന്ത്രിയോട് വിശദീകരണം തേടിയാല്‍ പ്രതിപക്ഷവും എന്‍ എസ് എസും പന്തളം രാജകുടുംബവുമെല്ലാം ബോര്‍ഡിനെതിരായ നിലപാട് ശക്തമാക്കുമെന്നുറപ്പാണ്.

Exit mobile version