പൊന്നോമനിച്ചു കൊണ്ടുനടന്ന വളർത്തു മീൻ ചത്തു; മനംനൊന്ത് 13കാരൻ ജീവൻ കളഞ്ഞു, സംഭവം മലപ്പുറത്ത്

മലപ്പുറം: ഓമനിച്ചു വളർത്തിയ മീൻ ചത്തതിൽ മനംനൊന്ത് 13കാരൻ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) ആണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് ദാരുണ സംഭവം.

മെഡിക്കൽ കോളേജിൽ നിന്നും കരഞ്ഞോടിയ വിശ്വനാഥൻ സഹായത്തിനായി പോലീസിനെ വിളിച്ചത് മൂന്ന് തവണ; തെളിവുകൾ പുറത്ത്

ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ ടെറസിന് മുകളിൽ പോയ റോഷനെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ടെറസിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോഷന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

റോഷന്റെ അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് റോഷൻ. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Exit mobile version