കാട്ടാനയെ കണ്ട് ഭയന്നോടി; 7 മാസം ഗർഭിണിക്ക് വീണ് പരിക്ക്; അംബികയ്ക്ക് നഷ്ടമായത് കാത്തിരുന്ന കൺമണിയെ!

മൂന്നാർ: കാട്ടാനയെ കണ്ട് ഭയന്നോടിയ 7 മാസം ഗർഭിണിയ്ക്ക് വീണ് പരിക്ക്. അപകടത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ 10 മണിക്കൂർ വൈകിയതോടെയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമായത്. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡ്ഡുകുടി സ്വദേശിനിയായ അംബിക (36) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആംബുലൻസ് സൗകര്യമില്ലാതിരുന്നതാണ് ആശുപത്രിയിലെത്തിക്കാൻ താമസം എടുത്തത്. റോഡും തകർന്നതും വെല്ലുവിളിയായി. ഈ മാസം 6ന് ആയിരുന്നു സംഭവം. രാവിലെ എട്ടോടെ കുളിക്കാൻ പോയ അംബിക കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ തെന്നിവീണു. വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. രക്തസ്രാവമുണ്ടായി ബോധരഹിതയായി പുഴക്കരയിൽ അംബിക വീണ് കിടക്കുന്ന നിലയിലായിരുന്നു.

ശേഷം, ഇടമലക്കുടി സർക്കാർ ആശുപത്രിയിലെ ഡോ. അഖിൽ രവീന്ദ്രനെത്തി പ്രാഥമിക ചികിത്സ നൽകി. ആംബുലൻസ് ഇല്ലാത്തതിനാൽ സ്‌ട്രെച്ചറിൽ ജീപ്പിനുള്ളിൽ കിടത്തി കെട്ടിവച്ചാണ് 18 കിലോമീറ്റർ ദൂരെയുള്ള പെട്ടിമുടിയിലെത്തിച്ചത്. അവിടെ നിന്ന് ആംബുലൻസിൽ രാത്രി ഏഴോടെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും ഗർഭസ്ഥശിശു മരണപ്പെട്ടിരുന്നു. അസ്‌മോഹനാണു ഭർത്താവ്. ഇവർക്കു 3 മക്കളുണ്ട്.

Exit mobile version