അച്ഛൻ ടിക്കറ്റ് കൊടുക്കാൻ നിന്ന തീയ്യേറ്ററിൽ നായകനായി ആദ്യചിത്രം പ്രദർശനത്തിന്; അപൂർവ്വ നിമിഷം ചാലക്കുടി സുരഭി തീയ്യേറ്ററിൽ, നിറകണ്ണുകളോടെ രാജീവ്

Rajiv Rajan | Bignewslive

തൃശ്ശൂർ: അച്ഛൻ ടിക്കറ്റ് കൊടുക്കാൻ നിന്ന തീയ്യേറ്ററിൽ നായകനായി ആദ്യ ചിത്രം പ്രദർശനത്തിന് എത്തിയ സന്തോഷത്തിലാണ് ചാലക്കുടി സ്വദേശിയായ നടൻ രാജീവ് രാജൻ. ‘ഋ’ എന്ന ചിത്രമാണ് അച്ഛൻ രാജൻ ജോലിചെയ്ത തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. നിറകണ്ണുകളോടെയാണ് താരം തീയ്യേറ്ററിലേയ്ക്ക് എത്തിയത്. ചാലക്കുടി സുരഭി തീയ്യേറ്ററിലാണ് അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒരുപിടി വേഷങ്ങൾ ചെയ്തിട്ടുള്ള രാജീവിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഋ. പറയാൻ വാക്കുകളില്ലെന്നും തികച്ചും വൈകാരികത നിറഞ്ഞ നിമിഷങ്ങളാണെന്നും രാജീവ് രാജൻ പ്രതികരിച്ചു. വലിയ കൂട്ടായ്മയിൽ നിന്നുണ്ടായ ചെറിയ ചിത്രമാണ് ഋ. ചെറുപ്പത്തിലേ തന്നെ അച്ഛനെ നഷ്ടമായി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ടായിരുന്നു മരണം.

ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനേയെന്നും രാജീവ് പറയുന്നു. നായകനാവുന്നത് പരിശ്രമംകൊണ്ട് കിട്ടുന്നതാണ്. സിനിമയുടെ ഭാഗമാവുക, നല്ല അഭിനേതാവാകുക എന്നതാണ് ലക്ഷ്യം. പ്രഹരം എന്നൊരു പടം ചെയ്തുകൊണ്ടിരിക്കുകയാണ്. നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ത്രീ നൈറ്റ്‌സ് ഓ.ടി.ടി റിലീസായും എത്തിയിട്ടുണ്ട്. രാജീവ് കൂട്ടിച്ചേർത്തു.

ഷെക്‌സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ഋ ഒരുക്കിയിരിക്കുന്നത്. ഫാദർ വർഗീസ് ലാലാണ് ചിത്രം സംവിധാനം ചെയ്തത്. ജോസ് കെ മാനുവൽ തിരക്കഥയും സിദ്ധാർത്ഥ ശിവ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

Exit mobile version