ബില്ലടയ്ക്കാൻ പഞ്ചായത്ത് പണം നൽകിയില്ല; കെഎസ്ഇബി സർക്കാർ സ്‌കൂളിന്റെ ഫ്യൂസ് ഊരി, ദുരിതത്തിലായത് കുട്ടികളും! ഒടുവിൽ സഹായമായി ഡിവൈഎഫ്‌ഐ

ഒതുക്കുങ്ങൽ: ബില്ലടയ്ക്കാതെ കുടിശ്ശിക കൂടി വന്നതോടെ സർക്കാർ സ്‌കൂളിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. പറപ്പൂർ പഞ്ചായത്തിലെ മുണ്ടോത്തുപറമ്പ് ജി.യു.പി. സ്‌കൂളിന്റെ ഫ്യൂസാണ് ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. ഫ്യൂസ് ഊരി മാറ്റിയതോടെ വിഷയം വിദ്യാഭ്യാസമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി.

മന്ത്രിയുടെ ഇടപെടൽ വന്നതോടെ പഞ്ചായത്തധികൃതർ ബില്ലടച്ച് തടിയൂരുകയും ചെയ്തു. ബിൽ തുക ലഭിച്ചതോടെ ഉച്ചയോടെ കെ.എസ്.ഇ.ബി. അധികൃതരെത്തിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. വൈദ്യുതി ഇല്ലാതായതോടെ വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികളും ദുരിതം അനുഭവിച്ചു. ഒടുവിൽ കുട്ടികളുടെ കഷ്ടപ്പാട് കണക്കിലെടുത്ത് സഹായഹസ്തവുമായി പ്രദേശത്തെ ഡിവൈഎഫ്‌ഐ രംഗത്ത് വന്നു.

പ്രവർത്തകരുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിക്കുകയായിരുന്നു. പറപ്പൂർ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ. ഭാരവാഹികൾ ആരോപിക്കുന്നത്. സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം വർഷങ്ങളായി സ്‌കൂൾ പി.ടി.എ.യും പഞ്ചായത്തും തമ്മിലുണ്ടായിരുന്നു. മാസങ്ങൾക്കുമുമ്പ് സ്‌കൂൾ അധികൃതരറിയാതെ അങ്കണവാടി പ്രവർത്തിക്കുന്ന മുറിയിൽ ഗ്രാമസഭ വിളിച്ചുചേർത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പോലീസെത്തിയാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. സ്വസ്ഥമായി പഠിക്കാൻ വേണ്ട സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ജില്ലാകളക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായില്ല. ഇതായിരിക്കാം പ്രതികാര നടപടിക്ക് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ സംസ്ഥാന ബാലാവകാശകമ്മിഷൻ സ്വമേധയാ കേസെടുത്തു.

Exit mobile version