അന്ന് 600 രൂപ മാസം ശമ്പളം, ഇന്ന് 70ഓളം തൊഴിലാളികളുള്ള കമ്പനി ഉടമ, ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകൾ; സാജു മോഹന്റെ ജീവിത വിജയം ഇങ്ങനെ

നെന്മാറ: 600 രൂപ മാസം ശമ്പളം വാങ്ങി ജീവിച്ചിരുന്ന സാജു മോഹൻ ഇന്ന് 70ഓളം തൊഴിലാളികളുള്ള ഒരു കമ്പനിയുടെ ഉടമയാണ്. പഠനശേഷം ജോലിതേടി സുഹൃത്തിനോടൊപ്പം മറുനാട്ടിലെത്തിയ സാജന്റെ ഈ വിജയത്തിന് പിന്നിൽ കഠിനമായ ഒരു പ്രയത്‌നം കൂടിയുണ്ട്. മെക്കാനിക്കൽ ഡിപ്ളോമ നേടിയ നെന്മാറ തേവർമണിയിലെ ‘ജ്യോതിസ്സി’ൽ സാജു മോഹനാണ് ടെക്‌നിക്കൽ ടെക്‌സ്റ്റൈൽ സംരംഭത്തിലൂടെ മുന്നേറുന്നത്. നീണ്ട 10 വർഷം കൊണ്ടാണ് ജോലിക്കാരനായ സാജു കമ്പനി ഉടമയായി മാറിയത്.

1997-ലാണ് ബംഗളൂരുവിൽ സ്വന്തമായി സംരംഭം ആരംഭിച്ചത്. മറുനാട്ടിലെ തൊഴിൽ മതിയാക്കി 2013-ൽ നാട്ടിലെത്തിയ ഇദ്ദേഹം വീടിനോടുചേർന്ന് നിർമിച്ച ഓലഷെഡ്ഡിൽ ‘നാനോ ഫാബ്രിക്’ കമ്പനി ആരംഭിച്ചു. ഇലാസ്റ്റിക്, ഹാൻഡിൽ ബെൽറ്റ്, ടേപ്പുകൾ, പെറ്റ് ലീഫ്, ഫർണിച്ചർ ഇലാസ്റ്റിക്, ഇലാസ്റ്റിക് റിബ്ബൺ തുടങ്ങിയ ഉത്പന്നങ്ങളാണ് ആദ്യം നിർമിച്ചു നൽകി വന്നിരുന്നത്. ഈ സംരംഭം വിജയത്തിലേയ്ക്ക് നീങ്ങിയതോടെ പേഴുംപാറയിലും ഒരു യൂണിറ്റ് തുടങ്ങി.

പുരോഗതിയിലേക്ക് വളരുന്നതിനിടെ കോവിഡ് പ്രതിസന്ധിയിൽ താത്കാലികമായി പ്രവർത്തനം നിർത്തിവെക്കേണ്ടതായി വന്നു. വായ്പാതിരിച്ചടവുപോലും ബുദ്ധിമുട്ടിയ സ്ഥിതിയിൽ യന്ത്രങ്ങളിൽ ചെറിയ മാറ്റംവരുത്തി മാസ്‌ക് ലൂപ്പുകൾ നിർമിച്ചുതുടങ്ങി. മാസ്‌ക് ലൂപ്പിന് ആവശ്യക്കാർ കൂടിയതോടെ പ്രതിസന്ധിയെ അതിജീവിച്ച് 24 മണിക്കൂറും പ്രവർത്തിച്ചാണ് വിതരണത്തിനെത്തിച്ചത്.

‘നാനോ ഫാബ്രിക്’ ഉത്പന്നങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുൾപ്പെടെ കയറ്റുമതി തുടങ്ങിയതോടെ അയ്യപ്പൻപാറയിൽ മൂന്നാമതൊരു യൂണിറ്റുകൂടി ആരംഭിക്കാൻ സാജുവിന് സാധിച്ചു. സംസ്ഥാനത്തും ദക്ഷിണേന്ത്യയിലും വിപണി സജീവമായതോടെ അസംസ്‌കൃതവസ്തുക്കൾ നിർമിക്കാനുള്ള ഒരു യൂണിറ്റുകൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. കമ്പനിയിൽ കൂടുതൽ പ്രാധാന്യം നൽകി വരുന്നത് സ്ത്രീകൾക്കാണ്.

70 തൊഴിലാളികൾ 50ഓളം പേരും സ്ത്രീകളാണ്. കമ്പനിയിൽ എല്ലാ വർഷവും കുടുംബസമേതം വിനോദയാത്രകൾ ഉൾപ്പെടെ സംഘടിപ്പിച്ച് വലിയ കൂട്ടായ്മ സൃഷ്ടിക്കുകയാണ് സാജു മോഹൻ. ജ്യോതിയാണ് ഭാര്യ. മൂത്ത മകൾ രേഷ്മയും മരുമകൻ ദീപുവും ബംഗളൂരുവിലെ യൂണിറ്റ് നടത്തിവരുന്നു. മറ്റൊരു മകൾ പൂജ എം.ബി.എ. പഠിക്കുകയാണ്. അച്ഛന്റെ പാത പിന്തുടരണമെന്നാണ് ഈ മകളുടെ ആഗ്രഹം.

Exit mobile version