‘ ഇത് കുറച്ച് കൂടെ നേരത്തെ ആകാമായിരുന്നു’ ; അയ്യപ്പ ദര്‍ശനം നടത്തിയ ബിന്ദുവിനേയും കനക ദുര്‍ഗ്ഗയേയും സ്വാഗതം ചെയ്ത് ജെ ദേവിക

മാധ്യമങ്ങളെ അറിയിക്കാതെയും രാത്രി മഫ്തി പോലീസിന്റെ സഹായത്തോടെയാണ് യുവതികളെ അകത്തു കടത്തിയതെന്നും ഇത് വേണമെങ്കില്‍ തുടക്കത്തില്‍ തന്നെ ചെയ്യാമായിരുന്ന കാര്യമായിരുന്നുവെന്നും ജെ ദേവിക പ്രതികരിച്ചു.

കോഴിക്കോട്: യുവതികള്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയതിനെ സ്വാഗതം ചെയ്ത് അധ്യാപികയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ജെ ദേവിക. മാധ്യമങ്ങളെ അറിയിക്കാതെയും രാത്രി മഫ്തി പോലീസിന്റെ സഹായത്തോടെയാണ് യുവതികളെ അകത്തു കടത്തിയതെന്നും ഇത് വേണമെങ്കില്‍ തുടക്കത്തില്‍ തന്നെ ചെയ്യാമായിരുന്ന കാര്യമായിരുന്നുവെന്നും ജെ ദേവിക പ്രതികരിച്ചു.

‘ബിജെപിയുടെ സവര്‍ണ തന്ത്രങ്ങളെല്ലാം പൊളിഞ്ഞുവെന്ന് ഉറപ്പുവരുത്തിയ ശേഷം വനിതാ മതിലിലൂടെ കീഴ്ജാതി സംഘടകനളെല്ലാം സിപിഐഎമ്മിനൊപ്പം കൊണ്ടുവന്ന ശേഷമാണ് അവര്‍ ഇത് ചെയ്തത്. ഓപ്പണ്‍ ആയിട്ടല്ല ഇത് ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ അറിയാതെയാണ് കൊണ്ടുപോയിരിക്കുന്നത്. ആരും അറിയാതെ കൊണ്ടുപോകാന്‍ നേരത്തെ പറ്റുമായിരുന്നു. ആരോടും പറയാതെ വളരെ കെയര്‍ഫുളായിട്ട് സൂക്ഷിച്ച് ആദ്യമേ ചെയ്യാമായിരുന്നു. ഇത് ഇത്രയും വലിയ ഡെഡ് ലോക് ഒന്നും ആക്കേണ്ടിയിരുന്നില്ല ദേവിക പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടെയും സന്നിധാനത്തെത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിക്കാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തിയത് 3:45ന് പോലീസിന്റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും പറഞ്ഞു.

ഡിസബംര്‍ 24ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും മലയിറങ്ങിയ ശേഷവും വ്യക്തമാക്കിയിരുന്നു.

Exit mobile version