ക്രിസ്മസ് ദിനത്തിൽ തോരാകണ്ണീർ; തിരുവനന്തപുരത്ത് കടലിൽ കാണാതായ 3 പേരെയും കണ്ടെത്താനായില്ല, തെരച്ചിൽ തുടരും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലിൽ കാണാതായ മൂന്ന് പേരെയും ഇനിയും കണ്ടെത്താനായില്ല. ഇവർക്കായുള്ള തെരച്ചിൽ കഴിഞ്ഞ ദിവസം രാത്രിയായതോടെ നിർത്തിവെച്ചിരുന്നു. ശേഷം, ഇന്ന് രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തി വരുന്നത്. ശക്തമായ തിരയും അടിയൊഴുക്കുമാണ് കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവർത്തനത്തിന് തടസമായത്.

തിരയിൽപ്പെട്ട ഒരാളുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തൻതോപ്പിൽ നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യേയാണ് അഞ്ചുതെങ്ങിൽ നിന്ന് കാണാതായത്.

തുമ്പയിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷിക്കാനെത്തി ബീച്ചിൽ കുളിക്കാനിറങ്ങിയവരാണ് ശക്തമായ തിരമാലയിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച കടൽ പ്രക്ഷുബ്ദമായിരുന്നു. ഒപ്പം തന്നെ അടിയൊഴുക്കും ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നു.

Exit mobile version