വിവാഹിതനെന്ന് അറിഞ്ഞതോടെ പെൺസുഹൃത്ത് ഇറങ്ങിപോയി; മനംനൊന്ത് പുഴയിൽ ചാടി, ശക്തമായ അടിയൊഴുക്ക് വില്ലനായി, ഒടുവിൽ യുവാവിനെ ഒടുവിൽ ‘വലിയിട്ട് പിടിച്ച്’ രക്ഷാപ്രവർത്തനം

തൊടുപുഴ: വിവാഹിതനാണെന്ന് അറിഞ്ഞതോടെ പെൺസുഹൃത്ത് മാതാപിതാക്കൾക്കൊപ്പം പോയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. തൊടുപുഴ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. തൊടുപുഴ കോലാനി സ്വദേശി ജോജോ ജോർജാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40-ഓടെയാണ് സംഭവം. ഇതുകണ്ട വഴിയാത്രക്കാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു.

ശേഷം, പോലീസും അഗ്നിരക്ഷാസേനയും എത്തി രണ്ട് മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് യുവാവിനെ കരയ്ക്ക് കയറ്റിയത്. പുഴയിൽ അതിശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു. ഇതിനിടെ പ്രാണരക്ഷാർഥം പാലത്തിന്റെ കോൺക്രീറ്റ് തൂണിൽ അള്ളിപ്പിടിച്ചുകിടന്നിരുന്നു. പോലീസുകാർ ഓടിയെത്തിയെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ഇറങ്ങാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിളിച്ചു വരുത്തി.

സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാംഗത്തിലൊരാൾ പുഴ നീന്തിയെത്തി ജോജോയെ സുരക്ഷിതനാക്കി. മറ്റ് സേനാംഗങ്ങൾ പുഴയുടെ മധ്യത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് തടസമായി. തുടർന്ന് പാലത്തിൽ വടംകെട്ടി തൂങ്ങിയാണ് സേനാംഗങ്ങൾ പുഴയിലേക്കിറങ്ങിയത്. പിന്നീട് വലയുപയോഗിച്ച് ജോജോയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇയാൾക്കെതിരേ ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു.

ആംബുലൻസ് ഡ്രൈവറായിരുന്ന ജോജോ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായ നെടുങ്കണ്ടം സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബർ 11-ന് വീട്ടിൽനിന്നു ഇറങ്ങിയ യുവതി ജോജോയ്‌ക്കൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാൽ ജോജോ നേരത്തേ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ യുവതി ബന്ധത്തിൽ നിന്നു പിന്തിരിഞ്ഞു. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുകൂട്ടരെയും തൊടുപുഴ പോലീസ് വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. രാവിലെ പോലീസ് സ്റ്റേഷനിലെത്തിയ യുവതി, മാതാപിതാക്കൾക്കൊപ്പം പോവുകയായിരുന്നു.

Exit mobile version