കൂടപ്പിറപ്പിനെ കൊലപ്പെടുത്തിയവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കി; പോരാട്ടത്തിന് ഒടുവിൽ നീതി, കടലുകൾ കടന്നിട്ടും കേരളത്തിൽ ഇൽസ സഞ്ചരിച്ച വഴികൾ ഇങ്ങനെ

തിരുവനന്തപുരം: കടലുകൾ കടന്നിട്ടും തന്റെ സഹോദരിയെ കൊലപ്പെടുത്തിയ പ്രതികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കി ലാത്വിയൻ യുവതി ഇൽസ സ്‌ക്രോമേനെ. ഇതിനായി ഇവർ സഞ്ചരിച്ച വഴികളും ചെറുതായിരുന്നില്ല. കോവളത്തിനു സമീപം 2018-ൽ ലാത്വിയൻ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചതിന് പിന്നാലെയാണ് ഇൽസയുടെ പോരാട്ടവും വാർത്തകളിൽ നിറഞ്ഞത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.സനിൽകുമാറാണ് വിധി പറഞ്ഞത്.

പ്രതികൾക്കെതിരേ പോലീസ് ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, മയക്കുമരുന്നു നൽകൽ എന്നീ കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് പ്രതികൾ. ആയുർവേദ ചികിത്സാകേന്ദ്രത്തിൽനിന്ന് ഓട്ടോറിക്ഷയിൽ കോവളത്തെത്തിയ യുവതിയെ കഞ്ചാവുബീഡി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികൾ പീഡിപ്പിച്ചു കൊലപ്പെടുത്തി വള്ളിപ്പടർപ്പുകൾക്കിടയിൽ തൂക്കിയിട്ടു എന്നാണ് പ്രോസിക്യൂഷൻ കേസ്.

മരിച്ച യുവതിയുടെ ശരീരത്തിൽ ഡയാറ്റം ബാക്ടീരിയ കണ്ടെത്തിയെന്ന കെമിക്കൽ എക്സാമിനറുടെ മൊഴി മുങ്ങിമരണത്തിനുള്ള സാധ്യതയാണു കാണിക്കുന്നതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും പ്രോസിക്യൂഷൻ നിരത്തിയ സാഹചര്യത്തെളിവുകളടക്കമുള്ളവ കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു സാക്ഷികൾ കൂറുമാറുകയും ചെയ്തിരുന്നു. തന്റെ കൂടപ്പിറപ്പിനെ ഇല്ലാതാക്കിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കണ്ണുകൾ ഇമചിമ്മാതെ കേസിന് പിറകെ തന്നെ നടക്കുകയായിരുന്നു ഇൽസ.

അന്വേഷണവും വിചാരണയുമെല്ലാം വൈകുന്ന ഘട്ടങ്ങളിൽ ഇൽസയാണ് ഇടപെട്ട് വേഗത്തിലാക്കിയത്. മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും ലാത്വിയൻ എംബസിയെയുമെല്ലാം സമീപിച്ച് നടപടികൾ വേഗത്തിലാക്കി. പ്രതികൾ കുറ്റക്കാരാണെന്നു വിധിച്ച കോടതിനടപടികൾക്കു മുഴുവൻ സാക്ഷിയാവുകയും ചെയ്തു. മാർച്ച് 14-നാണ് ഇൽസയുടെ സഹോദരിയെ കാണാതാവുന്നത്. ഇവരെ കോവളം ബീച്ചിനു സമീപം എത്തിച്ചതായി സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞു.

ഇൽസയും ആയുർവേദകേന്ദ്രത്തിലെ മാനേജരും ജീവനക്കാരും കോവളത്തെത്തി പരിസരപ്രദേശങ്ങളിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോത്തൻകോട് പോലീസിൽ പരാതി നൽകി. തുടർന്ന് 32 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം അഴുകിയ അവസ്ഥയിലുമായിരുന്നു. സഹോദരിയുടെ മരണം ആത്മഹത്യയാണെന്ന പോലീസിന്റെ പ്രാഥമിക നിഗമനത്തിനെതിരേ കൊലപാതകമാണെന്ന തെളിവുകളുമായി തൊട്ടടുത്ത ദിവസം ഇൽസ മാധ്യമങ്ങൾക്കു മുന്നിലെത്തി. ഇതോടെയാണ് കേസിൽ കൂടുതൽ പുരോഗമിച്ചത്.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും ഇൽസ കണ്ടു. കേസിലെ മുഖ്യപ്രതികളായ ഉമേഷിനെയും ഉദയനെയും മേയ് മൂന്നിന് പോലീസ് അറസ്റ്റുചെയ്തു. തുടർന്ന് സഹോദരിയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ച് ചിതാഭസ്മവുമായി ഇൽസ നാട്ടിലേക്കു മടങ്ങിയ ശേഷവും നീതിക്കായി ഇൽസ പോരാടുകയായിരുന്നു. തന്റെ സഹോദരിക്കു നീതി ലഭിച്ചുവെന്നാണ്, കോടതിയുടെ കണ്ടെത്തലിനോട് ഇൽസ ഓൺലൈനായി പ്രതികരിച്ചത്.

‘ദൈവത്തിനു സ്തുതി. എനിക്കും കുടുംബത്തിനും സന്തോഷമുള്ള ദിവസമാണ്. പ്രോസിക്യൂട്ടർ മോഹൻ രാജിനും അന്വേഷണോദ്യോഗസ്ഥൻ ദിനിലിലും മുൻ സിറ്റി പോലീസ് കമ്മിഷണർ പ്രകാശിനും എ.ഡി.ജി.പി. മനോജ് എബ്രഹാമിനും പ്രോസിക്യൂഷൻ സംഘത്തിനും പ്രത്യേക നന്ദി’- ഇൽസ പറഞ്ഞു. സുഹൃത്തുക്കൾ, ഒപ്പംനിന്നവർ, മാധ്യമപ്രവർത്തകർ എന്നിവർക്കെല്ലാം ഇൽസ നന്ദി രേഖപ്പെടുത്തി.

Exit mobile version