സിനിമയില്‍ കേസ് തോറ്റു, പക്ഷേ ജീവിതത്തില്‍ പുലിക്കുട്ടി; നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ തോക്കുമായി ഇറങ്ങിയ ടൈഗര്‍ സമീറിന് ‘രക്ഷകനായി’ ഷുക്കൂര്‍ വക്കീല്‍

ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് കാസർകോട് സ്വദേശിയായ സി. ഷുക്കൂർ. ചിത്രത്തിലും ജീവിതത്തിലും വക്കീൽ വേഷത്തിലാണ് ഷുക്കൂർ. സിനിമയിൽ കേസ് തോറ്റുവെങ്കിലും യഥാർത്ഥ ജീവിതത്തിൽ പുലിക്കുട്ടിയാണ് ഷുക്കൂർ വക്കീൽ.

ഷുക്കൂർ വക്കീലിന്റെ ഇടപെടലിലാണ്, പോലീസ് കസ്റ്റഡിയിൽ ആയിരുന്ന എയർ ഗൺ ബേക്കൽ ഹദാദ് നഗറിലെ ടൈഗർ സമീറിനു തിരികെ കിട്ടി. തെരുവുനായ ശല്യം കാരണം കുട്ടികളെ മദ്രസയിൽ വിടാനായി തോക്കുമായി മുന്നിൽ പോകുന്ന സമീറിന്റെ വീഡിയോ വൈറലായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് സമീറിന്റെ എയർ ഗണ്ണും മൊബൈലും കസ്റ്റഡിയിൽ എടുത്തു.

കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് തോക്കും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തത്. എന്നാൽ ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗൺ പൊലീസ് അന്യായമായി പിടിച്ചുവച്ചിരിക്കുകയാണ് എന്നു കാണിച്ച് ഷുക്കൂർ വക്കീൽ മുഖേന സമീർ കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഷുക്കൂർ വക്കീൽ വിജയിച്ചത്.

തെരുവുനായ ശല്യം കാരണം നിരത്തിലിറങ്ങാൻ പേടിക്കുന്ന സ്വന്തം കുട്ടികളെയും അടുത്ത വീട്ടിലെ കുട്ടികളെയും മദ്രസയിൽ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്ന് സമീർ പറയുന്നു. തോക്കും ഫോണും തിരികെ ലഭിച്ചെങ്കിലും നായശല്യത്തിനു പരിഹാരമാകാത്തതിൽ വിഷമമുണ്ടെന്നും സമീർ പറയുന്നു. കേസ് പരിഗണിച്ച കോടതി മൊബൈൽ ഫോണും എയർ ഗണ്ണും തിരിച്ചുകൊടുക്കാൻ ഉത്തരവിടുകയായിരുന്നു.

Exit mobile version