കൊല്ലത്തെ അങ്ങനെ താറടിക്കേണ്ട, ക്രൈം റേറ്റിൽ ഏറ്റവും മുന്നിൽ എറണാകുളം; ആ സംഭവം കൊല്ലത്ത് ആയിരിക്കും നടന്നത് എന്ന വർത്തമാനം ഇനി വേണ്ടെന്ന് കണക്കുകൾ

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി കൊല്ലം ജില്ലയാണ് വാർത്തകളിലും സോഷ്യൽ മീഡിയയിൽ നിറയുന്നത്. വൻ തോതിലാണ് കൊല്ലം ജില്ല സൈബർ ആക്രമണം നേരിടുന്നത്. ഏത് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്താലും അത് കൊല്ലം ജില്ലയിൽ ആയിരിക്കും നടന്നത് എന്ന മുൻധാരണയാണ് പലയിടത്തും കാണുന്നത്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കൊല്ലം മാറുകയാണെന്നാണ് പ്രചാരണം.

ക്ഷേത്ര പരിസരത്ത് വെച്ച് ഇൻസ്റ്റഗ്രാം റീൽസ്; വസ്ത്രധാരണവും രീതിയും തെറ്റ്, യുവതിക്കെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

എന്നാൽ ഈ പ്രചാരണത്തിൽ വസ്തുത ഇല്ലെന്നാണ് കണക്കുകൾ പറയുന്നത്. 2022ലെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊല്ലം ജില്ലയിലല്ല. ഒന്നാമത് നിൽക്കുന്നത് എറണാകുളം ജില്ലയാണ്. ഈ വർഷം ഇതുവരെയുള്ള ലഭ്യമായ കണക്കനുസരിച്ച് 30, 016 കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തിരുവനന്തപുരം ആണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 29, 338 കേസുകൾ. തൃശൂർ, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. പ്രചരണത്തിൽ മുൻപിൽ ഉള്ള കൊല്ലം ജില്ല നിൽക്കുന്നത് ആറാം സ്ഥാനത്ത് ആണ്. 13116 കേസുകളാണ് ഈ വർഷം കൊല്ലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഈ വർഷം ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 2766 കേസുകൾ. സ്ത്രീധന വിഷയത്തിൽ ഉത്രയുടെയും വിസ്മയയുടെയും കേസുകൾ ചർച്ചയായതിന് ശേഷമാണ് കൊല്ലം ജില്ല കുറ്റകൃത്യങ്ങളുടെ നാടായി പ്രചരിക്കപ്പെട്ടത്. ഈ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 340 കേസുകളാണ് തിരുവനന്തപുരത്തുള്ളത്.

രണ്ടാം സ്ഥാനം മലപ്പുറത്തിനാണ്. 302 കേസുകൾ. ഈ പട്ടികയിലും അഞ്ചാംസ്ഥാനത്താണ് കൊല്ലം. 226 കേസുകളാണ് ഈ വർഷം ഇതുവരെ കൊല്ലം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതായത് പോക്‌സോ കേസുകൾ ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിലാണെന്ന പ്രചാരണത്തിനും ഇതോടെ അന്ത്യമായി.

Exit mobile version