മതില്‍ ഉയരും അതിശക്തമായി തന്നെ! വനിതാ മതിലിനെ പിന്തുണച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടും

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റര്‍ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് തീര്‍ക്കുന്ന മതിലില്‍ അമ്പതുലക്ഷം വനിതകള്‍ പങ്കെടുക്കും

തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് ലോകപ്രശ്ത ഫോട്ടാഗ്രാഫറായ നിക്ക് ഉട്ടും. കൊച്ചി-മുസിരിസ് ബിനാലെ കാണാന്‍ മട്ടാഞ്ചേരിയില്‍ എത്തിയപ്പോഴാണ് നിക്ക് ഉട്ട് തന്റെ പിന്തുണ പ്രഖ്യാപിച്ചത്.

നേരത്തെ നടിയും സംവിധായികയുമായ സുഹാസിനി, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, മുത്തുമണി, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, സജിത മഠത്തില്‍, ചലച്ചിത്രപ്രവര്‍ത്തകരായ ബീനാ പോള്‍, ഭാഗ്യലക്ഷ്മി, വിധു വിന്‍സെന്റ്, ദീദി ദാമോദരന്‍, തുടങ്ങിയവരും വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വന്‍ ജനപിന്തുണയാണ് മതിലിന് ലഭിക്കുന്നത്.

സികെ. ജാനു, കെ. അജിത, പി. വത്സല, അഷിത, സാവിത്രി രാജീവന്‍,ഖദീജാ മുംതാസ്, നിലമ്പൂര്‍ ആയിഷ, മീന ടി. പിള്ള, സീനത്ത്, രാജശ്രീ വാര്യര്‍, ശീതല്‍ ശ്യാം, ധന്യ രാമന്‍, വിപി സുഹ്‌റ, വിജി പെണ്‍കൂട്ട് തുടങ്ങി 220 ലധികം പേര്‍ പിന്തുണ അറിയിച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റര്‍ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് തീര്‍ക്കുന്ന മതിലില്‍ അമ്പതുലക്ഷം വനിതകള്‍ പങ്കെടുക്കും. കാസര്‍ഗോഡ് മന്ത്രി കെകെ ശൈലജ മതിലിന്റെ ഭാഗമാകും. വെള്ളയമ്പലത്ത് യോഗത്തില്‍ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും പങ്കെടുക്കും. മതില്‍ ഒരുക്കുന്ന ജില്ലകളിലെല്ലാം മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

Exit mobile version