ആ ജീവിതസന്ദേശം ഇനിയും തുടരണം; വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗോപിക ടീച്ചർ ലോകത്തോട് വിടപറഞ്ഞത് 3 പേർക്ക് പുതുജീവനേകി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഏറെ പ്രിയങ്കരിയായ ഗോപിക ടീച്ചർ വിടവാങ്ങി. മൂന്ന് ജീവനുകൾക്ക് പുതുജന്മം നൽകിയാണ് ഗോപിക ടീച്ചർ ലോകത്തോട് വിടപറഞ്ഞത്. ഒരു അധ്യാപികയെന്നതിനപ്പുറം സ്നേഹത്തിന്റെ നിറകുടമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ശാസ്തമംഗലം ആർ.കെ.ഡി. എൻ.എസ്.എസ് ഹയർസെക്കന്ററി സ്‌കൂളിലെ അധ്യാപികയാണ് ഗോപിക.

പ്രിയപ്പെട്ട അധ്യാപികയുടെ വിയോഗം സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും തീരാവേദനയായി. പുഞ്ചിരിക്കുന്ന ആ മുഖം മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് ഇവർ. ആറുദിവസം മുമ്പാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് പക്ഷാഘാതമുണ്ടായി വലിയവിള കുണ്ടമൺകടവ് ബാലഭാരതി സ്‌കൂളിനുസമീപം ശ്രീവല്ലഭയിൽ 47കാരിയായ ഗോപികാ റാണിയെ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്.

അമ്മയ്ക്ക് വിഷം നൽകിയ മകൾ അച്ഛനും വിഷം നൽകി; രുചി വ്യത്യാസം കാരണം ചായ കളഞ്ഞതുകൊണ്ട് ജീവൻ രക്ഷപ്പെട്ടെന്ന് ചന്ദ്രൻ

പ്രസിദ്ധ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും ഗിരിജാകുമാരി (റിട്ട. പ്രധാനാധ്യാപിക) യുടെയും മകളാണ് ഗോപികാറാണി. ആരോഗ്യനില മോശമായി തുടരുകയും ബുധനാഴ്ചയോടെ അധ്യാപികയ്ക്ക് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ഒരു അധ്യാപികയെന്ന നിലയിൽ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ സദ്ഗുണങ്ങൾ നിർലോഭം പകർന്നു നൽകുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന ആഗ്രഹത്താലാണ് അവയവദാനത്തിന് തയ്യാറാകുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഭർത്താവ് പ്രദീപ് കുമാറും മകൻ പ്രാൺ പ്രവീണും ബന്ധുക്കളുമെല്ലാം ചേർന്ന് ഏകകണ്ഠമായെടുത്ത തീരുമാനം രക്ഷിച്ചതാകട്ടെ മൂന്ന് ജീവനുകളും. തുടർന്ന് അവയവദാന നടപടികൾ പുരോഗമിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രിയോടെയാണ് അവസാനിച്ചത്. കരൾ, വൃക്കകൾ, ഹൃദയ വാൽവ് എന്നിവയാണ് വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്യുന്നത്.

കരൾ കിംസ് ആശുപത്രിയിലും വൃക്കകൾ യഥാക്രമം തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കൽ കോളേജിലും ഹൃദയ വാൽവ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്.

സ്വന്തം വീട്ടിൽ വിളയിച്ച പച്ചക്കറികളും ഫലവർഗങ്ങളുമായി ഭർത്താവിനും മകനും ഒപ്പം സ്‌കൂളിലെത്തി കമ്യൂണിറ്റി പൊലീസ് ഓഫീസർ കൂടിയായ ടീച്ചർ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്നതും ഹോപ്പ് എന്ന പദ്ധതിയിൽ സ്വമേധയാ അംഗമായി, പഠനം പാതിവഴിയിൽ നിലച്ചവരും തോറ്റു പോയവരുമായ കുട്ടികൾക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ട്യൂഷൻ നൽകുകയും ചെയ്യുന്നതും ടീച്ചറുടെ ശിഷ്യ സ്നേഹത്തിന്റെ ഭാഗമായിരുന്നു.

Exit mobile version