പരീക്ഷയും വിവാഹവും ഒരേ ദിവസത്തിൽ; രണ്ടിനും ഒരുപോലെ പ്രാധാന്യം നൽകി അനീന, മണവാട്ടിയായി കോളേജിലെത്തി പരീക്ഷയെഴുതി

കുണ്ടറ: വിവാഹവും പരീക്ഷയും ഒരേ ദിവസത്തിൽ വന്നപ്പോഴും പതറാതെ അനീന രാജ്. രണ്ടിനും അനീന ഒരുപോലെ പ്രാധാന്യം നൽകി. പടപ്പക്കര സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ചായിരുന്നു അനീനയുടെ വിവാഹം. എന്നാൽ, അതിന് മുൻപ് മണവാട്ടി വേഷത്തിലെത്തി അനീന തന്റെ പരീക്ഷയെഴുതി.

ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

രാവിലെ 9.30 ന് ആരംഭിച്ച പരീക്ഷ ഒന്നര മണിക്കൂറിനുള്ളിൽ എഴുതിത്തീർത്താണ് അനീന ദേവാലയത്തിലെ ചടങ്ങുകളിലേക്ക് എത്തിയത്. അവസാന സെമസ്റ്റർ പരീക്ഷയിലെ കോംപ്രിഹെൻസീവ് പേപ്പർ പരീക്ഷയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

സാധാരണ സർവകലാശാല പരീക്ഷകളിൽ നിന്നു വ്യത്യസ്തമായി 100 ചോദ്യങ്ങളുള്ള ഒബ്ജക്ടീവ് ടൈപ്പ് ക്വസ്റ്റ്യൻ പേപ്പറായതിനാൽ പരീക്ഷ എഴുതാൻ 3 മണിക്കൂർ വേണ്ടി വരാത്തതും അനീനയ്ക്കു തുണയായി. 11 ന് മിന്നുകെട്ട് ചടങ്ങുകൾക്കായി ദേവാലയ അങ്കണത്തിലെത്താനും അനീനയ്ക്ക് സാധിച്ചു.

പടപ്പക്കര ഫാത്തിമ ജംക്ഷൻ ചെറുപുഷ്പ വിലാസത്തിൽ രാജൻ ആന്റണിയുടെയും ചെറുപുഷ്പത്തിന്റെയും മകളായ അനീന പേരയം എൻ എസ് എസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അവസാന വർഷ എംഎ ഇംഗ്ലിഷ് വിദ്യാർത്ഥിനിയാണ്. കോട്ടപ്പുറം തടവിള വീട്ടിൽ രാജുവിന്റെയും ബ്രിജിറ്റയുടെയും മകൻ ആർ. സന്തോഷാണ് അനീനയുടെ വരൻ.

Exit mobile version