‘പ്രചരണം നിങ്ങൾ നൽകി, പരസ്യത്തിനായി മാറ്റിയ ആ 12 ലക്ഷം ബാക്കി, ഇത് ലാഭത്തിലേയ്ക്ക് ചേർക്കാൻ മനസ് സമ്മതിക്കുന്നില്ല, സമൂഹത്തിന് നൽകണം, നിങ്ങൾ പറയൂ’ ഷെഫ് സുരേഷ് പിള്ളയുടെ കുറിപ്പ്

Sheff Suresh Pillai | Bignewslive

പരസ്യത്തിനായി നീക്കി വെച്ച തുക ചെലവാകാത്തതിനാൽ അത് സമൂഹത്തിന് തന്നെ തിരിച്ചു നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഷെഫ് സുരേഷ് പിള്ള. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. ഒരു വർഷക്കാലത്തേക്കുള്ള പരസ്യ ചെലവായി കരുതി വെച്ച 12 ലക്ഷം രൂപ ആർക്ക് നൽകണമെന്ന ചോദ്യമാണ് സുരേഷ് പിള്ള സോഷ്യൽമീഡിയയോട് ചോദിക്കുന്നത്.

മെട്രോ സ്റ്റേഷനിൽ വെച്ച് സൈനികനെ കണ്ടു; ഓടിയെത്തി കാൽതൊട്ട് വന്ദിച്ച് കൊച്ചു പെൺകുട്ടി! മനം കവർന്ന് വീഡിയോx

പരസ്യം ചെയ്യാതെ വലിയ പ്രചാരം ലഭിച്ചതിനാൽ ഈ തുക ചെലവാക്കിയില്ലെന്നും ഈ നീക്കിയിരുപ്പ് ലാഭത്തിലേക്ക് ചേർക്കാൻ മനസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടൻ തന്നെ അർഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക പ്രതിസന്ധിയിൽ പഠനം പാതിവഴിയിലായൊരു കുട്ടി, അല്ലെങ്കിൽ മക്കളുടെ ജീവൻ രക്ഷാ മരുന്നുകൾ മുടങ്ങിയൊരച്ഛൻ, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ.. അങ്ങനെയൊക്കെയുള്ള മുഖങ്ങളാണ് തന്റെ മനസ്സിന്റെ ഫേസ്ബുക്ക് താളിൽ തെളിയുന്നതെന്നും സുരേഷ് പിള്ള കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ടവരെ,
എന്റെ പാചകരഹസ്യം ഇത്രയേയുള്ളു- കറിയിലേക്ക് സ്നേഹം ചാലിച്ച് ചേരുവകൾ ഞാൻ അങ്ങോട്ടു കൊടുക്കും. മനോഹരമായ രുചിയായി എനിക്കത് തിരികെ തരും.
കൊടുക്കൽ വാങ്ങലാണ് എല്ലാം. പാചകം മാത്രമല്ല, ജീവിതവും.
അത്തരമൊരു കൊടുക്കൽ തീരുമാനം നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഉപദേശം തേടാനുമാണ് ഈ കുറിപ്പ്. നിങ്ങളാണ് എന്നെ നയിക്കുന്നത്, നയിക്കേണ്ടതും എന്നു ഞാൻ കരുതുന്നു.
ചേരുവ കിട്ടുമ്പോൾ, പകരം രുചി തിരികെ തരുന്ന വിഭവങ്ങൾ പോലെ, ഒരു തിരിച്ചു നൽകലാണിപ്പോൾ എന്റെ മനസ്സിൽ.
ഷെഫ് പിള്ള റസ്റ്ററന്റ് തുടങ്ങുന്ന സമയത്ത് സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ പരസ്യത്തിനായി മാസം ഒരു ലക്ഷം രൂപയാണ് ഞാൻ നീക്കി വച്ചിരുന്നത്. എന്നാൽ അതിൽ ഒരു രൂപ പോലും ഇതു വരെ മാർക്കറ്റിങിനായി ചെലവഴിക്കേണ്ടി വന്നില്ല. ഞാൻ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങൾ എനിക്കു നൽകി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്. ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം എനിക്ക് നിങ്ങൾ സോഷ്യൽ മീഡിയ വഴി തന്നു.

റസ്റ്ററന്റ് തുടങ്ങിയിട്ട് 9 മാസമായി , 2021നവംബർ 1 മുതൽ 2022 ഒക്ടോബർ 1 വരെയുള്ള ഒരു വർഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപ ഇതുവരെ തൊടേണ്ടി വന്നില്ല. ഈ നീക്കിയിരുപ്പ് എനിക്ക് ലാഭത്തിലേക്ക് ചേർക്കാം. പക്ഷേ, അതിനു മനസ് അനുവദിക്കുന്നില്ല. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടൻ തന്നെ അർഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം.
ഫെയ്സ്ബുക് വഴിയാണ് നമ്മൾ സംവദിച്ചത്. അതിലൂടെ തന്നെ നിങ്ങൾ എന്നോടു പറയൂ, ഞാൻ ആ പണം സമൂഹത്തിന് എങ്ങനെ തിരിച്ചു നൽകണമെന്ന്.
സാമ്പത്തിക പ്രതിസന്ധിയിൽ പഠനം പാതിവഴിയിലായൊരു കുട്ടി, അല്ലെങ്കിൽ മക്കളുടെ ജീവൻ രക്ഷാ മരുന്നുകൾ മുടങ്ങിയൊരച്ഛൻ, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ.. അങ്ങനെയൊക്കെയുള്ള മുഖങ്ങളാണ് എന്റെ മനസ്സിന്റെ ഫെയ്സ്ബുക് താളിൽ തെളിയുന്നത്.
അതോ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും നിർദേശം നിങ്ങളുടെ മനസിലുണ്ടോ ?
ഇനി നിങ്ങൾ പറയൂ… എന്തിനു വേണ്ടിയാണ് ഈ പണം ഞാൻ വിനിയോഗിക്കേണ്ടത്. ?
കാലം എന്നോട് കാണിച്ച കരുണയെ നന്ദിയോടെ സ്മരിച്ചു കൊണ്ട്, അടുത്ത വർഷം ഇതിൽ കൂടൂതൽ തിരിച്ചു നൽകുവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ…
നിങ്ങളുടെ സ്വന്തം
ഷെഫ് പിള്ള 😇🙏
19 – 07 – 2022

Exit mobile version