സവര്‍ണരുടേയോ അവര്‍ണരുടേയോ ആളല്ല താന്‍; ആര്‍ ബാലകൃഷ്ണപിളള

കൊല്ലം: സവര്‍ണരുടേയോ അവര്‍ണരുടേയോ ആളല്ല താനെന്ന് ആര്‍ ബാലകൃഷ്ണപിളള. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്നും, മുന്നണി പ്രവേശനം സാങ്കേതിക നടപടിക്രമം മാത്രമെന്നും ബാലകൃഷ്ണപിളള പറഞ്ഞു. വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

കാലഹരണപ്പെട്ട ആചാരങ്ങള്‍, സ്ത്രീ വിരുദ്ധത തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് വി എസ് പറഞ്ഞിരുന്നു. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുളളവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്നും ബാലകൃഷ്ണപിള്ളയുടെ പേരെടുത്ത് പറയാതെ വി എസ് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ബാലകൃഷ്ണപിളള രംഗത്തെത്തിയത്.

നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു വിഎസ്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

Exit mobile version