‘മൂന്നുപേർ ചെമ്മീൻകെട്ടിലും മീനച്ചിലാറിൽ രണ്ടു പേരും പൂക്കോട്ടപംപാടത്ത് പുഴയിൽ ഒരാളും’ ഒറ്റദിവസത്തിൽ മൂന്നിടത്തായി മുങ്ങിമരിച്ചത് ആറ് കൗമാരക്കാർ!

കോഴിക്കോട്: സംസ്ഥാനത്ത് മൂന്നിടത്തായി ആറ് കൗമാരപ്രായക്കാർ മുങ്ങിമരിച്ചു. തൃശ്ശൂർ ചാവക്കാട് ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നുകുട്ടികൾ ചെളിയിൽപൂണ്ടാണ് മരിച്ചത്. രണ്ടുപേർ ഏറ്റുമാനൂരിൽ മീനച്ചിലാറിലും ഒരാൾ മലപ്പുറം പൂക്കോട്ടുംപാടത്ത് പുഴയിലുമാണ് മുങ്ങി മരിച്ചത്. 15-നും 18-നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ.

ഭാര്യയെ തീകൊളുത്തി ഭർത്താവ് ജീവനൊടുക്കിയ സംഭവം; മകളും മരിച്ചു! മാതാപിതാക്കൾക്ക് പിന്നാലെ ശ്രീധന്യയുടെ യാത്ര വേദനയാകുന്നു

ചാവക്കാട് തെക്കൻ പാലയൂർ കഴുത്താക്കൽപാലത്തിനടുത്ത് ചെമ്മീൻകെട്ടിലിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ മൂന്നുപേരാണ് ചെളിയിൽ മുങ്ങിമരിച്ചത്. തെക്കൻപാലയൂർ സ്വദേശികളായ മനേപ്പറമ്പിൽ ഷനാദിന്റെ മകൻ പ്ലസ്ടു വിദ്യാർഥി വരുൺ (18), മക്കേടത് മുഹമ്മദിന്റെ മകൻ പത്താംക്ലാസ് വിദ്യാർഥി മുഹസിൻ (16), മനേപ്പറമ്പിൽ പരേതനായ സുനിലിന്റെ മകൻ സൂര്യ (16) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളും ചെളിയിൽ പൂണ്ടുപോവുകയായിരുന്നു.

കോട്ടയം ഏറ്റുമാനൂർ മീനച്ചിലാറ്റിലെ പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാനിറങ്ങിയ മാന്നാനം സെയ്ന്റ് എഫ്രേംസ് സ്‌കൂൾ ഒൻപതാംക്ലാസ് വിദ്യാർഥി, ചെറുവാണ്ടൂർ വെട്ടിക്കൽ സുനിലിന്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്‌സ് ഹൈസ്‌കൂൾ പത്താംക്ലാസ് വിദ്യാർഥി, ചെറുവാണ്ടൂർ കിഴക്കേമാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ രണ്ടുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. മീനടം പഞ്ചായത്തിലെ എൻജിനിയറിങ് വിഭാഗം ഓവർസിയറാണ് നവീന്റെ അച്ഛൻ സുനിൽ. അമ്മ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരി അനു. സഹോദരി: നവിത (പേരൂർ സെയ്ന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ വിദ്യാർഥിനി).

ഞീഴൂർ വാക്കാട് പൊയ്കപുറത്ത് വള്ളിക്കാട്ട് വീട്ടിൽ ലോട്ടറി വിൽപ്പനക്കാരനായ ലിജോയുടെ മകനാണ് അമൽ. അമ്മ: ലീലാമ്മ. സഹോദരിമാർ: അനന്യ, അലീന (അമലഗിരി ബി.കെ. കോളേജ് വിദ്യാർഥിനി). മലപ്പുറം പൂക്കോട്ടുംപാടത്ത് കുതിരപ്പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വി.പി. റിഷാൽ മുഹമ്മദ് (15) ആണ് മരിച്ചത്. പൂക്കോട്ടുംപാടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. പൂക്കോട്ടുംപാടത്ത് റെറ്റ് ഫർണിച്ചർ നടത്തുന്ന വലിയപീടിയക്കൽ മുജീബിന്റെയും സലീനയുടെയും മകനാണ്. സഹോദരങ്ങൾ: നിഷാൽ, നിഷിമ, നയ്ന.

Exit mobile version