പെരുമഴയത്ത് റോഡിൽ പ്രസവിച്ചു; ആദിവാസി യുവതിക്കും നവജാത ശിശുവിനും കുടനിവർത്തി നാല് വനിതകൾ, കരുതലിന് കൈയ്യടി

പത്തനംതിട്ട: പെരുമഴയത്തു റോഡിൽ പ്രസവിച്ച ആദിവാസി യുവതിക്കും, അവരുടെ നവജാത ശിശുവിനും കുടനിവർത്തി കാവലായി നാലു വനിതകൾ. പേഴുംപാഴ ഓലിക്കൽ അമ്പിളിയാണ് സീതത്തോട് കൊടുമുടി കുന്നേൽപടിക്കൽ റോഡരികിൽ കുഞ്ഞിന് ജന്മം നൽകിയത്. മഴയ്ക്ക് റോഡരികിൽ യുവതി പ്രസവിച്ചെന്ന് അടുത്തുള്ള ഒരാൾ വിവരമറിയിച്ചയുടൻ മഴ വകവയ്ക്കാതെ ആശാ പ്രവർത്തക സതി പ്രസാദ് ഓടിയെത്തി. തുടർന്ന് 108 ആംബുലൻസിന്റെ സഹായം തേടി.

‘അച്ഛന്റെ നിഴലിൽ ജീവിക്കേണ്ട, സ്വയം പേരെടുക്കാനാണ് ആഗ്രഹം’ അന്താരാഷ്ട്ര നീന്തൽ താരമായ വേദാന്ത് പറയുന്നു

സതിയുടെ വിളികേട്ട് അടുത്തവീട്ടിലെ അമ്പിളി ഗോപിയും സിന്ധുവും ബിനുവും പാഞ്ഞെത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് സിന്ധു. ഇവരെത്തുമ്പോഴേക്കു കനത്തമഴ നനഞ്ഞു റോഡിൽക്കിടക്കുകയായിരുന്നു യുവതിയും കുഞ്ഞും. സിന്ധു തോർത്തിൽ കുഞ്ഞിനെ പൊതിഞ്ഞെടുത്തു. അപ്പോഴേയ്ക്കും 108 ആംബുലൻസും പാഞ്ഞെത്തി. ആംബുലൻസ് ജീവനക്കാരുടെ സഹായത്തോടെ ഇവർ യുവതിയെയും കുഞ്ഞിനെയും ആംബുലൻസിലെത്തിച്ചു. ഇതിനിടയിൽ സിന്ധുവും ജയേഷ്‌കുമാറും ചേർന്നു പൊക്കിൾക്കൊടി മുറിച്ച് യുവതിക്ക് പ്രാഥമിക പരിചരണം നൽകി.

സീതത്തോട് മേഖലയിൽ പ്രസവ ചികിത്സാസൗകര്യങ്ങളില്ലാത്തതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണു യുവതിയെ എത്തിച്ചത്. വിവരമറിഞ്ഞു ചിറ്റാർ പിഎച്ച്‌സിയിലെ നഴ്‌സ് സി.കെ.മറിയാമ്മയും ആശുപത്രിയിലെത്തി സഹായം നൽകി. സാമ്പത്തികമായി തീരെ പിന്നാക്കം നിൽക്കുന്ന യുവതിയുടെ ഭർത്താവ് ഏതാനും നാളുകൾക്ക് മുൻപാണ് മരിച്ചത്. മൂത്തകുട്ടി ഇവരുടെ മാതാവിന്റെയും സഹോദരിയുടെയും സംരക്ഷണയിൽ കഴിയുകയാണ്.

സീതത്തോട് പേഴുംപാറയിലെ വാടകവീട്ടിൽനിന്നു കൊടുമുടിയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു പ്രസവം നടന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കനത്തമഴയിൽ നനഞ്ഞു കുതിർന്നിട്ടുപോലും നൽകിയ കരുതലിനാണ് ഇന്ന് കൈയ്യടി നൽകുന്നത്.

Exit mobile version