കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 250 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; വിപണിയില്‍ വില രണ്ട് ലക്ഷം! എത്തിച്ചത് പുതുവര്‍ഷം ‘ആഘോഷമാക്കാന്‍’

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ഇവ എത്തിച്ചത്.

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 250 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഏകദേശം രണ്ട് ലക്ഷം രൂപ വിലയുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും റെയില്‍വെ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഉത്പ്പന്നങ്ങള്‍ കണ്ടെത്താനായത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ഇവ എത്തിച്ചത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന നടത്തിയത്. പാഴ്സല്‍ എത്തിച്ചവരെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ സഹായത്തോടെ ബേപ്പൂരിലെ ബോട്ടുകളില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു.

Exit mobile version