തീരം കൈയ്യേറുന്നത് തടയാന്‍ എല്ലാ നദികളുടെയും അതിരളന്ന് തിട്ടപ്പെടുത്തണമെന്ന് ഹൈക്കോടതി വിധി; ഉത്തരവ് വന്നിട്ട് 17 വര്‍ഷം! ചെവികൊള്ളാതെ ജില്ലാ കളക്ടര്‍മാര്‍, ഇനിയും നദികളുടെ അതിരളന്നില്ല

നദിയുടെ അതിരളന്നു തിട്ടപ്പെടുത്താനുള്ള നിര്‍ദേശത്തിനൊപ്പം സര്‍വേ സംഘത്തെ ചുമതലപ്പെടുത്താനും നിര്‍ദേശമുണ്ടായിരുന്നു.

കൊച്ചി: തീരം കൈയ്യേറുന്നത് തടയാന്‍ സംസ്ഥാനത്തെ എല്ലാ നദികളുടെയും അതിര് അളന്ന് തിട്ടപ്പെടുത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ട് വര്‍ഷം 17 കഴിഞ്ഞു. ഉത്തരവ് വന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇതുവരെയും ഉത്തരവ് നടപ്പാക്കിയിട്ടില്ല. അതതു ജില്ലകളിലെ കളക്ടര്‍ക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള നിര്‍ദേശമുള്ളത്. മാറിമാറുന്ന കളക്ടര്‍മാര്‍ വരുമ്പോഴും നദിയുടെ കാര്യത്തില്‍ തീരുമാനമാകുന്നില്ല എന്നതാണ് സത്യം.

നദിയുടെ അതിരളന്നു തിട്ടപ്പെടുത്താനുള്ള നിര്‍ദേശത്തിനൊപ്പം സര്‍വേ സംഘത്തെ ചുമതലപ്പെടുത്താനും നിര്‍ദേശമുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ നിന്നുള്ള 18 പേര്‍ നല്‍കിയ പരാതിയും വിഷയത്തില്‍ ഫയല്‍ ചെയ്തിരുന്ന പരാതികളും ഉള്‍പ്പെടെ 30 റിട്ട്ഹര്‍ജികള്‍ ഒന്നായി പരിഗണിച്ച് 2001 ഒക്ടോബറിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബിഎന്‍.ശ്രികൃഷ്ണ, ജസ്റ്റിസ് എം. രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതുവരെയും ഒരു നദിയുടെ പോലും അതിര് അളന്നിട്ടില്ല. പുറമ്പോക്ക് എത്രയാണെന്നും തട്ടപ്പെടുത്തിയിട്ടില്ല. 17 വര്‍ഷത്തിനിടെ വന്‍തോതിലാണ് തീരം കൈയ്യേറിയിട്ടുള്ളത്. നിലവില്‍ പെരിയാറിന്റെ അതിരളന്നു നിശ്ചയിച്ച് ജണ്ട സ്ഥാപിക്കാന്‍ എറണാകുളം കളക്ടര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിപ്രവര്‍ത്തകന്‍ ആര്യഞ്ചേരി മഠം എന്‍. രാമചന്ദ്രന്റെ അപേക്ഷയെത്തുടര്‍ന്നാണ് നടപടി. കൂടുതല്‍ കൈയേറ്റങ്ങളും പെരിയാറ്റിലാണ്. ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, ഏലൂര്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ കൈയേറ്റങ്ങളും.

Exit mobile version