‘ഭക്തര്‍ വിഷയത്തെ ഏറ്റെടുത്താല്‍ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല’; അക്രമങ്ങളെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രന്‍

വഴി തടയാനുള്ള സ്വാതന്ത്ര്യം ഉണ്ടോ എന്നാണ് പൊലീസ് ചോദിക്കുന്നത്. എന്നാല്‍ ഇവിടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും വേണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്

നിലയ്ക്കല്‍: ഭക്തര്‍ വിഷയത്തെ ഏറ്റെടുത്താല്‍ ഒരു പൊലീസിനും തടയാനാകില്ലെന്നും ശബരിമല ശാസ്താവിനെ സംരക്ഷിക്കാന്‍ ഭക്തരായ അയ്യപ്പന്മാര്‍ തീരുമാനമെടുത്താല്‍ സര്‍ക്കാരിന്‍ ഒരു ചുക്കും ചെയ്യാനാവില്ലെന്നും ശോഭ സുരേന്ദ്രന്‍

അയ്യപ്പസംരക്ഷണം എന്ന പേരില്‍ നിലയ്ക്കലില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് അരങ്ങേറുന്നത്. ഇന്ന് റിപ്പോര്‍ട്ടിംഗിനു വന്ന റിപ്പബ്‌ളിക്ക് ടിവി മാധ്യമപ്രവര്‍ത്തകയെ തടയുകയും കൈയ്യേറ്റം ചെയ്യുകയും അവര്‍ വന്ന വണ്ടി തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

‘ശബരിമലയില്‍ ഭക്തരുടെ വിശ്വാസത്തെ മാനിക്കാത്ത സര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ ഭക്തരുടെ വിശ്വാസത്തെ മാനിക്കാതിരിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ വന്‍തോതില്‍ പൊലീസ് സേനയെ വിന്യസിച്ച് ഭക്തരുടെ വിശ്വാസത്തെ വെല്ലുവിളിക്കുകയാണ്.

വഴി തടയാനുള്ള സ്വാതന്ത്ര്യം ഉണ്ടോ എന്നാണ് പൊലീസ് ചോദിക്കുന്നത്. എന്നാല്‍ ഇവിടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും വേണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഭക്തര്‍ വിഷയത്തെ ഏറ്റെടുത്താല്‍ ഒരു പൊലീസിനും തടയാനാകില്ല. അതിന് ഒരു പാര്‍ട്ടിയുടെയും പിന്തുണ വേണ്ട. ഒരു സംഘടനയുടെയും പിന്തുണ വേണ്ട. ശബരിമല ശാസ്താവിനെ സംരക്ഷിക്കാന്‍ ഭക്തരായ അയ്യപ്പന്മാര്‍ തീരുമാനമെടുത്താല്‍ സര്‍ക്കാരിന്‍ ഒരു ചുക്കും ചെയ്യാനാവില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version